ചെന്നൈ : ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നെങ്കിലും ഐപിഎല്ലിന്‍റെ കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കയ്യടിക്കാൻ ടീം സഹഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനും ചെപ്പോക്കിലെ ഗാലറിയില്‍ ഉണ്ടായിരുന്നു. ഷാരൂഖിന്‍റെ സാന്നിധ്യത്തില്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് കൊല്‍ക്കത്തയ്‌ക്ക് മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കാനും സാധിച്ചിരുന്നു. മത്സരത്തിന് മുന്‍പ് ആദ്യം എൻ95 മാസ്‌ക് ധരിച്ചായിരുന്നു കാണപ്പെട്ടതെങ്കിലും പിന്നീട് ടീമിന്‍റെ ജയം ആഘോഷിക്കാൻ മാസ്‌ക് അഴിച്ചുവച്ചായിരുന്നു കിങ് ഖാൻ ഗ്രൗണ്ടിലേക്കിറങ്ങിയത്.
വിജയാഘോഷങ്ങള്‍ക്കായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ഷാരൂഖ് ഖാൻ ടീം മെന്‍റര്‍ ഗൗതം ഗംഭീറിന്‍റെ നെറ്റിയില്‍ സ്നേഹചുംബനം നല്‍കിക്കൊണ്ടായിരുന്നു തന്‍റെ ആഹ്ളാദപ്രകടനം നടത്തിയത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയൊരു റോളില്‍ ഗംഭീര്‍ കൊല്‍ക്കത്തയ്‌ക്ക് ഐപിഎല്‍ കിരീടം നേടിക്കൊടുത്തതിന്‍റെ ത്രില്ലില്‍ ആയിരുന്നു ഷാരൂഖ് ഖാനും. ഭാര്യ ഗൗരി ഖാനും മക്കളായ ആര്യനും സുഹാനയും ഷാരൂഖിനൊപ്പം ചെന്നൈയിലെ ഫൈനല്‍ കാണാൻ എത്തിയിരുന്നു.
അഹമ്മദാബാദില്‍ ഇതേ ടീമുകള്‍ ഏറ്റുമുട്ടിയ ഒന്നാം ക്വാളിഫയറിനിടെയാണ് ഷാരൂഖ് ഖാന് നിര്‍ജലീകരണത്തെ തുടര്‍ന്ന് ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. താരം വേഗത്തില്‍ സുഖം പ്രാപിച്ചുവെന്നും ചെന്നൈയിലെ ഫൈനല്‍ കാണാൻ എത്തുമെന്നും സുഹൃത്തും ബോളിവുഡ് താരവുമായ ജൂഹി ചൗളയും നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ചതിന് പിന്നാലെ താരം ആശുപത്രി വിടുകയായിരുന്നു.