രാജ്‌കോട്ട് :ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ (India vs England 3rd Test) അരങ്ങേറ്റക്കാരൻ സര്‍ഫറാസ് ഖാന്‍റെ (Sarfaraz Khan) പുറത്താകലില്‍ ആരാധകരുടെ ഭാഗത്ത് നിന്നും കടുത്ത വിമര്‍ശനമാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (Ravindra Jadeja) നേരിടേണ്ടി വന്നത്. രാജ്‌കോട്ടില്‍ മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്തിയിരുന്ന സര്‍ഫറാസ് മത്സരത്തില്‍ റണ്‍ഔട്ട് ആകുകയായിരുന്നു. സര്‍ഫറാസ് റണ്‍ ഔട്ട് ആകാന്‍ കാരണക്കാരൻ രവീന്ദ്ര ജഡേജയാണെന്നായിരുന്നു ഒരു കൂട്ടം ആരാധകരുടെ വാദം.
ജഡേജയുടെ വ്യക്തിഗത സ്കോര്‍ 99ല്‍ നില്‍ക്കെ ആയിരുന്നു സര്‍ഫറാസ് ഖാന്‍റെ പുറത്താകല്‍. ജെയിംസ് ആന്‍ഡേഴ്‌സണ്‍ എറിഞ്ഞ ഓവറിലെ പന്ത് ജഡേജ മിഡ് ഓണിലേക്ക് തട്ടിയിട്ടു. പിന്നാലെ, സിംഗിളിനായി ഓടാനുള്ള ശ്രമം നടത്തുകയും എന്നാല്‍ പന്ത് ഫീല്‍ഡര്‍ അനായാസം പിടിച്ചെടുക്കുമെന്ന് മനസിലാക്കിയതോടെ ആ തീരുമാനം മാറ്റുകയുമായിരുന്നു. എന്നാല്‍, ഇതിനിടെ മറുവശത്തുണ്ടായിരുന്ന സര്‍ഫറാസ് ക്രീസ് വിട്ടിറങ്ങുകയും ചെയ്‌തിരുന്നു. പിന്നാലെ, മാര്‍ക്ക് വുഡിന്‍റെ ത്രോയില്‍ താരം പുറത്താകുകയായിരുന്നു (Sarfaraz Khan Run Out).
ഇതിന് പിന്നാലെ ക്ഷമാപണവുമായി രവീന്ദ്ര ജഡേജ രംഗത്തെത്തുകയും ചെയ്‌തിരുന്നു. റണ്‍സിനായി താന്‍ നടത്തിയത് ഒരു തെറ്റായ വിളിയായിരുന്നെന്നും സര്‍ഫറാസ് ഖാന്‍ മികച്ച രീതിയില്‍ കളിച്ചിരുന്നുവെന്നുമാണ് ജഡേജ അഭിപ്രായപ്പെട്ടത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ മത്സരത്തിന്‍റെ 64-ാം ഓവറില്‍ ആയിരുന്നു സര്‍ഫറാസ് ഖാന്‍ ക്രീസിലേക്ക് എത്തിയത്. ഈ സമയം 84 റണ്‍സുമായി ക്രീസില്‍ തുടരുകയായിരുന്നു രവീന്ദ്ര ജഡേജ. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച സര്‍ഫറാസ് രാജ്‌കോട്ടില്‍ അനായാസം റണ്‍സ് കണ്ടെത്തി.