ഹരാരെ :സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഹരാരെയില്‍ എത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായാണ് സഞ്ജു ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. അടുത്ത മത്സരത്തില്‍ താരത്തിന് പ്ലേയിങ് ഇലവനില്‍ കളിക്കാൻ അവസരം ലഭിക്കുമോ എന്നാണ് നിലവില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
മൂന്നാം നമ്പറാണ് സഞ്ജു സാംസണിന്‍റെ ഇഷ്‌ട ബാറ്റിങ് പൊസിഷൻ. ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് വേണ്ടി കൂടുതല്‍ കാലം ഈ പൊസിഷനില്‍ ബാറ്റ് ചെയ്‌തിരുന്നത് വിരാട് കോലിയായിരുന്നു. ടി20 ലോകകപ്പില്‍ കോലി രോഹിതിനൊപ്പം ഓപ്പണറായപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഈ പൊസിഷനിലേക്കെത്തി.
വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ടി20യില്‍ നിന്നും വിരമിച്ച സാഹചര്യത്തില്‍ റിഷഭ് പന്ത് ഈ പൊസിഷനില്‍ സ്ഥിരമായി തുടരുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്. ഇന്ത്യൻ ടീമില്‍ തലമുറ മാറ്റം കൂടി നടക്കുന്ന സമയമാണിത്. അതുകൊണ്ട് തന്നെ സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ പ്രകടനം സഞ്ജു ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് ടീമില്‍ സ്ഥിരമായൊരു സ്ഥാനം കണ്ടെത്താൻ നിര്‍ണായകമാണ്.
ബുധനാഴ്‌ചയാണ് ഇന്ത്യ സിംബാബ്‌വെ പരമ്പരയിലെ മൂന്നാം മത്സരം. ഈ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മൂന്നാം നമ്പറില്‍ റിതുരാജ് ഗെയ്‌ക്‌വാദായിരുന്നു ബാറ്റ് ചെയ്യാനെത്തിയത്.