രാജ്‌കോട്ട്:ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ഇന്ത്യന്‍ ടീം പൊരുതുന്നു. ആദ്യ ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 93-3 എന്ന നിലയിലാണ് ഇന്ത്യ. അര്‍ധസെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ (74 പന്തില്‍ 52), രവീന്ദ്ര ജഡേജ (44 പന്തില്‍ 24) എന്നിവരാണ് ക്രീസില്‍.
രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ സഖ്യത്തിന്‍റെ ചെറുത്ത് നില്‍പ്പാണ് ഇന്ത്യയെ മത്സരത്തിന്‍റെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 9 ഓവറിനുള്ളില്‍ 33 റണ്‍സ് മാത്രം സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നപ്പോഴാണ് ഇന്ത്യയ്‌ക്ക് മത്സരത്തില്‍ ആദ്യ മൂന്ന് വിക്കറ്റും നഷ്‌ടപ്പെട്ടത്. യശസ്വി ജയ്‌സ്വാള്‍ (10), ശുഭ്‌മാന്‍ ഗില്‍ (0), രജത് പടിദാര്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് ആദ്യ സെഷനില്‍ നഷ്‌ടപ്പെട്ടത്.
ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റ് നേടി. സ്‌പിന്നര്‍ ടോം ഹാര്‍ട്‌ലിയാണ് ഒരു വിക്കറ്റ് വീഴ്‌ത്തിയത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ മത്സരത്തിന്‍റെ നാലാം ഓവറിലാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. മാര്‍ക്ക് വുഡിന്‍റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു താരം പുറത്തായത്. പത്ത് പന്ത് നേരിട്ടായിരുന്നു ജയ്‌സ്വാള്‍ പത്ത് റണ്‍സ് നേടിയത്.
പിന്നാലെ ക്രീസിലെത്തിയ ശുഭ്‌മാന്‍ ഗില്ലിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. 9 പന്ത് നേരിട്ട താരത്തെ അക്കൗണ്ട് തുറക്കും മുന്‍പ് മാര്‍ക്ക് വുഡ് തന്നെ തിരികെ പവലിയനിലെത്തിച്ചു. ബെൻ ഫോക്‌സിന് ക്യാച്ച് നല്‍കിയായിരുന്നു ഗില്ലിന്‍റെ മടക്കം.