മാഡ്രിഡ് :സ്‌പാനിഷ് ലാ ലിഗ കിരീടം റയല്‍ മാഡ്രിഡിന്. കിരീടപ്പോരില്‍ നിലനില്‍പ്പിനായി ഇറങ്ങിയ ബാഴ്‌സലോണ ജിറോണയോട് പരാജയപ്പെട്ടതോടെയാണ് നാല് മത്സരങ്ങള്‍ ശേഷിക്കെ റയല്‍ ലാ ലിഗ കിരീടം ഉറപ്പിച്ചത്. ഇതോടെ ശേഷിക്കുന്ന മത്സരങ്ങളില്‍ എല്ലാം ജയിച്ചാലും ബാഴ്‌സയ്‌ക്ക് റയലിനെ മറികടക്കാൻ ഉറപ്പാകുകയായിരുന്നു.
34 മത്സരങ്ങളില്‍ നിന്നും 27 ജയവും ആറ് സമനിലയും സ്വന്തമാക്കിയ റയലിന് 87 പോയിന്‍റാണ് നിലവില്‍. കഴിഞ്ഞ കളിയില്‍ ബാഴ്‌സലോണയെ തകര്‍ത്ത് ജിറോണ രണ്ടാം സ്ഥാനത്തേക്ക് എത്തിയെങ്കിലും റയലിനേക്കാള്‍ 13 പോയിന്‍റ് പിന്നലാണ് അവരുള്ളത്. ബാഴ്‌സയാകട്ടെ റയലിനേക്കാള്‍ 14 പോയിന്‍റ് പിന്നിലും.
ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാലും ജിറോണയ്‌ക്ക് പരമാവധി 86-ഉം ബാഴ്‌സലോണയ്‌ക്ക് 85-ഉം പോയിന്‍റ് മാത്രമേ നേടാൻ സാധിക്കൂ. ഇതോടെയാണ് റയലിന് കിരീടം സ്വന്തമായത്. ലാ ലിഗയില്‍ റയലിന്‍റെ 36-ാം കിരീട നേട്ടമാണിത്. ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായ ടീമും റയലാണ്.
അതേസമയം, ജിറോണയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ 4-2ന്‍റെ തോല്‍വിയാണ് ബാഴ്‌സലോണയ്‌ക്ക് വഴങ്ങേണ്ടി വന്നത്. ഹോം ഗ്രൗണ്ടില്‍ 2-1 എന്ന സ്കോറിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ജിറോണ ജയം സ്വന്തമാക്കിയത്. മത്സരത്തിന്‍റെ മൂന്നാം മിനിറ്റില്‍ തന്നെ ലീഡ് പിടിച്ചത് ബാഴ്‌സലോണയായിരുന്നു.
ആന്‍ഡ്രേസ് ക്രിസ്റ്റെൻസനായിരുന്നു മത്സരത്തില്‍ സന്ദര്‍ശകരെ ആദ്യം മുന്നിലെത്തിച്ചത്. എന്നാല്‍, അധികം വൈകാതെ തൊട്ടടുത്ത മിനിറ്റില്‍ തന്നെ സമനില ഗോള്‍ കണ്ടെത്താൻ ജിറോണയ്‌ക്ക് സാധിച്ചു. അര്‍ട്ടേം ഡോവ്‌ബിക്കായിരുന്നു ജിറോണയെ ബാഴ്‌സയ്‌ക്കൊപ്പം എത്തിച്ചത്.
ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുടെ പെനാല്‍റ്റിയിലൂടെ ബാഴ്‌സ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. 65 മിനിറ്റ് വരെ മാത്രമായിരുന്നു കറ്റാലൻ ക്ലബിന് ഈ ലീഡ് നിലനിര്‍ത്താൻ സാധിച്ചത്. പോര്‍ട്ടുവിലൂടെയായിരുന്നു ജിറോണ രണ്ടാം ഗോള്‍ നേടിയത്.
പിന്നാലെ, 67-ാം മിനിറ്റില്‍ മിഗ്വേല്‍ ഗ്യൂട്ടിറെസ് ജിറോണയെ മുന്നിലെത്തിച്ചു. മൂന്നാം ഗോള്‍ നേടി പത്ത് മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ജിറോണ നാലാമത്തെ ഗോളും ബാഴ്‌സലോണയുടെ വലയിലേക്ക് എത്തിക്കുകയായിരുന്നു. പോര്‍ട്ടു മത്സരത്തിന്‍റെ 74-ാം മിനിറ്റിലായിരുന്നു ജിറോണയുടെ നാലാം ഗോള്‍ നേടിയത്.
നേരത്തെ, കാഡിസിനെതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡും ജയം പിടിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു റയല്‍ കാഡിസിനെ വീഴ്ത്തിയത്. ബ്രാഹിം ഡിയസ്, ജൂഡ് ബെല്ലിങ്‌ഹാം, ജൊസേലു എന്നിവരാണ് മത്സരത്തില്‍ റയലിന് വേണ്ടി ഗോളുകള്‍ നേടിയത്.
Also Read :സാള്‍ട്ട്ലേക്കില്‍ മോഹൻബഗാനെ വീഴ്‌ത്തി ഐലാന്‍ഡേഴ്‌സ്; ഐഎസ്‌എല്‍ ചാമ്പ്യന്മാരായി മുംബൈ സിറ്റി - ISL Champions Mumbai City FC