ന്യൂഡൽഹി : പാരിസ് ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടീമിന്‍റെ നേട്ടം സമ്മർ ഗെയിംസിലെ രണ്ടാം മെഡലായതിനാൽ അത് കൂടുതൽ സവിശേഷമാണെന്ന് മോദി എക്‌സില്‍ കുറിച്ചു. ടീമിന്‍റെ അപാരമായ ധീരതയെ അഭിനന്ദിച്ച പ്രധാനമന്ത്രി, വിജയം ടീം സ്‌പിരിറ്റിന്‍റെയും ഇന്ത്യന്‍ താരങ്ങളുടെ കഴിവിന്‍റെയും ഫലമാണെന്നും കുറിച്ചു.
'ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്‌സിൽ തിളങ്ങിയിരിക്കുകയാണ്. ഇത് കൂടുതൽ സവിശേഷമാണ്, കാരണം ഇത് അവരുടെ തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സ് മെഡലാണ്. അവരുടെ വിജയം കഴിവിന്‍റെയും ടീം സ്‌പിരിറ്റിന്‍റെയും ഫലമാണ്. അവർ അപാരമായ ധീരതയാണ് കാഴ്‌ചവെച്ചത്. ടീമിന് അഭിനന്ദനങ്ങൾ. ഓരോ ഇന്ത്യക്കാരനും ഹോക്കിയുമായി വൈകാരിക ബന്ധമുണ്ട്. ഈ നേട്ടം നമ്മുടെ രാജ്യത്തെ യുവാക്കൾക്കിടയിൽ കായിക രംഗത്തെ കൂടുതൽ ജനപ്രിയമാക്കും.'- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
പാരിസ് ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. മൂന്നാം സ്ഥാനക്കാര്‍ക്കായി വേണ്ടി നടന്ന മത്സരത്തില്‍ നായകൻ ഹര്‍മൻപ്രീത് സിങ്ങായിരുന്നു ഇന്ത്യയ്‌ക്കായി രണ്ട് ഗോളും നേടിയത്. മലയാളി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന്‍റെ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായി.
പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഭിനന്ദിച്ചു. സ്പെയിനിനെതിരായ മത്സരത്തിൽ ഹർമൻപ്രീത് സിങ്ങിന്‍റെ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 'എന്തൊരു ഗംഭീര പ്രകടനം! പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഞങ്ങളുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ കരുത്തുറ്റ പ്രകടനവും കായികക്ഷമതയും കായികരംഗത്തിന് പുതിയ ആവേശം പകരും, നിങ്ങളുടെ നേട്ടം ത്രിവര്‍ണ പതാകയുടെ അഭിമാനം ഉയർത്തി.'- അമിത് ഷാ എക്‌സില്‍ കുറിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ടീമിനെ പ്രശംസിച്ചു. പാരി്സ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഞങ്ങളുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. ടീം വർക്കുകളും കഴിവും മികച്ച ഫലങ്ങൾ നൽകി. ഞങ്ങൾ ടീമില്‍ അഭിമാനിക്കുന്നു. അവരുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ അറിയിക്കുന്നു.'- രാജ്‌നാഥ് സിങ് എക്‌സിൽ കുറിച്ചു.
ഹർമൻപ്രീത് സിങ്ങിന്‍റെ ഹോക്കി ടീമിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഭിനന്ദിച്ചു. 'പാരിസ് ഒളിമ്പിക്‌സ്-2024-ന്‍റെ ഹോക്കി മത്സരത്തിൽ വെങ്കലം നേടിയ ടീം ഇന്ത്യയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നിങ്ങളാണ് ഞങ്ങളുടെ ചാമ്പ്യൻ. ഇന്ത്യ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു'- യോഗി ആദിത്യനാഥ് കുറിച്ചു.
Also Read :പാരിസിലും വെങ്കലത്തിളക്കം, മെഡല്‍ നേട്ടത്തോടെ ശ്രീജേഷിന്‍റെയും പടിയിറക്കം