ന്യൂഡൽഹി: പാരീസ് പാരാലിമ്പിക് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിനുള്ള പതാകവാഹകരെ പ്രഖ്യാപിച്ചു. ഷോട്ട്പുട്ട് താരം ഭാഗ്യശ്രീ ജാദവ്, സ്റ്റാർ ജാവലിൻ ത്രോ താരം സുമിത് ആന്‍റി എന്നിവരാണ് ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിക്കുക. ഭാഗ്യശ്രീയും സുമിത്തും പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ 84 അംഗ സംഘത്തെ പ്രതിനിധീകരിക്കും. 2020 ടോക്കിയോ ഒളിമ്പിക്‌സിൽ 54 അത്‌ലറ്റുകളാണ് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഇത്തവണത്തെ 84 അത്‌ലറ്റുകളുടെ പങ്കാളിത്തം രാജ്യത്തെ എക്കാലത്തെയും വലിയ സംഘമായതിനാൽ ഇന്ത്യയെ സംബന്ധിച്ച് പ്രത്യേക നിമിഷമാണ്. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെയാണ് പാരീസിൽ പാരാലിമ്പിക് ഗെയിംസ് നടക്കുന്നത്.
ആരാണ് ഭാഗ്യശ്രീ ജാദവ്?
മഹാരാഷ്ട്ര സ്വദേശിയായ ഭാഗ്യശ്രീ ജാദവ് അന്താരാഷ്ട്ര വേദികളിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്‌ച വച്ച താരമാണ്. 2022 ലെ ഏഷ്യൻ പാരാ ഗെയിംസിൽ ഷോട്ട്പുട്ട് എഫ് 34 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ അവർ ടോക്കിയോ പാരാലിമ്പിക്സിൽ ഏഴാം സ്ഥാനത്തെത്തി. 2017 ലാണ് ജാദവിന്‍റെ കായിക യാത്ര ആരംഭിച്ചത്. ഫെസ ലോകകപ്പ്, ലോക പാരാ അത്‌ലറ്റിക്സ് ഗെയിംസ് എന്നിവയുൾപ്പെടെ വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ നേടി വ്യക്തിമുദ്ര പതിപ്പിച്ചു.