കൊളംബോ: ഒരു കുരങ്ങനുണ്ടാക്കിയ വിന കാരണം ശ്രീലങ്ക ഇനി രണ്ട് ദിവസം ഇരുട്ടിലാകും. കുരങ്ങിന്‍റെ വികൃതി കാരണം കല്‍ക്കരി വൈദ്യുത നിലയത്തില്‍ നിന്നുള്ള പ്രസരണം നിര്‍ത്തി വയ്ക്കേണ്ടി വന്നിരിക്കുന്നു. ഇതു രാജ്യത്ത് രണ്ട് ദിവസത്തെ നിര്‍ബന്ധിത പവര്‍ കട്ട് ഏര്‍പ്പെടുത്തുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ് കാര്യങ്ങള്‍.
സിലോണ്‍ വൈദ്യുതി ബോര്‍ഡാണ് തിങ്കളും ചൊവ്വയും വൈകിട്ട് മൂന്ന് മണിക്കും രാത്രി 9.30നുമിടയില്‍ ഒന്നര മണിക്കൂര്‍ വീതം രാജ്യമെമ്പാടും പവര്‍ കട്ട് ഏര്‍പ്പെടുത്തിയതായി അറിയിച്ചത്. ഓരോ പ്രദേശത്തും ഓരോ സമയത്താകും രണ്ട് ദിവസവും പവര്‍ കട്ട്.
രാജ്യത്തെ വൈദ്യുതി നിയന്ത്രകരായ സിലോണ്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. വടക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള 900 മെഗാവാട്ട് നോരോച്ഷോലൈ കല്‍ക്കരി വൈദ്യുതി നിലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് മൂലമാണ് രാജ്യത്ത് നിര്‍ബന്ധിത വൈദ്യുതി നിയന്ത്രണം വേണ്ടി വന്നത്.
ഇന്ന് പെട്ടെന്ന് വൈദ്യുതി നിലച്ചതോടെ ലക്‌വിജയ വൈദ്യുതി നിലയത്തിലെ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. കൊളംബോയുടെ സമീപമുള്ള ഗ്രിഡ് സ്റ്റേഷനിലെ വൈദ്യുതി വിതരണ സംവിധാനങ്ങളില്‍ ഒരു കുരങ്ങന്‍ തട്ടിയതോടെ ഡ്രിപ് ഉണ്ടായി ആറ് മണിക്കൂറോളം വൈദ്യുതി മുടങ്ങി.
2022 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇത്രയും ദീര്‍ഘനേരം വൈദ്യുതി മുടങ്ങുന്നത്. 2022ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനവും വൈദ്യുതിയുമടക്കമുള്ള എല്ലാ അവശ്യ വസ്‌തുക്കള്‍ക്കും ദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ധനത്തിനും അവശ്യവസ്‌തുക്കള്‍ക്കുമായി 12 മണിക്കൂര്‍ വരെ നീണ്ട നിര ആ സമയത്ത് രാജ്യമെമ്പാടും കാണാമായിരുന്നു.
2022 ഏപ്രിലിനും ജൂലൈയ്ക്കുമിടയില്‍ തെരുവുകളിലെങ്ങും കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് അന്നത്തെ പ്രസിഡന്‍റ് ഗോതബായ രജപക്‌സെയ്ക്ക് രാജ്യം വിട്ട് പോകേണ്ടി വരുകയും പിന്നീട് രാജി വയ്ക്കേണ്ടി വരുകയും ചെയ്‌തു. ഇന്ത്യ നല്‍കിയ 400 കോടി അമേരിക്കന്‍ ഡോളര്‍ സഹായം രാജ്യത്തിന്‍റെ തിരിച്ച് വരവിന് വലിയ സഹായമായിരുന്നു.
Also Read: ഇന്ത്യയില്‍ കാമ്പസുകള്‍ തുടങ്ങാന്‍ അമേരിക്കന്‍ സര്‍വകലാശാലകളെ ക്ഷണിച്ച് പ്രധാനമന്ത്രി