ഒളിമ്പിക് ടെന്നീസില്‍ ഇന്ത്യ ആദ്യമായി ഒരു മെഡല്‍ നേടിയത് 28 വര്‍ഷം മുന്‍പ് 1996ല്‍ ആയിരുന്നു. ലിയാൻഡര്‍ പേസിലൂടെയായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം. വെങ്കല മെഡല്‍ സ്വന്തമാക്കിയായിരുന്നു അന്ന് ലിയാൻഡര്‍ പേസ് കളം വിട്ടത്.
അതിന് ശേഷം നടന്ന ഒളിമ്പിക്‌സുകളില്‍ ഒരിക്കല്‍ പോലും ടെന്നീസില്‍ ഇന്ത്യയ്‌ക്ക് മെഡലിനടുത്ത് എത്താന്‍ സാധിച്ചിട്ടില്ല. പലപ്പോഴും ടെന്നീസ് കോര്‍ട്ടുകളില്‍ നിന്നും തല കുനിച്ചായിരുന്നു ഇന്ത്യൻ താരങ്ങള്‍ക്ക് മടങ്ങേണ്ടി വന്നത്. എന്നാല്‍, ഇത്തവണ ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് ടെന്നിസില്‍ നിന്നും മെഡല്‍ സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. അതിനുള്ള പ്രധാന കാരണം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയ്‌ക്കായി മത്സരിക്കാനിറങ്ങുന്ന താരമായ സുമിത് നാഗലിന്‍റെ മികച്ച ഫോമും.
കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സുമിത് നാഗല്‍ ഇപ്പോള്‍. ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ എടിപി റാങ്കിങ്ങില്‍ 138-ാം സ്ഥാനക്കാരനായിരുന്ന നാഗല്‍ നിലവില്‍ ലോക 68-ാം റാങ്കുകാരനാണ്. 1973ന് ശേഷം ഒരു ഇന്ത്യന്‍ താരം കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ റാങ്കിലേക്കാണ് താരമെത്തിയിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ചെന്നൈ ഓപ്പണ്‍ കിരീടം നേടിയ നാഗല്‍ ഇറ്റലിയിലെ പെറുഗിയയിൽ നടന്ന എടിപി ചലഞ്ചർ മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു.
ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ എന്നീ മൂന്ന് ഗ്രാൻഡ്സ്ലാമുകളിലും സുമിത് നാഗൽ കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ ഓപ്പണിൽ 31ാം സീഡ് താരം അലക്‌സാണ്ടർ ബബ്‌ലിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിക്കാൻ നാഗലിനായി. ഇതോടെ, 35 വര്‍ഷത്തിനിടെ ഗ്രാൻഡ്‌സ്ലാം പോരാട്ടത്തില്‍ ഒരു സീഡ് കളിക്കാരനെ തോല്‍പ്പിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം കൂടിയായിരുന്നു താരം. റോളണ്ട് ഗാരോസിലും വിംബിൾഡണിലും, പുരുഷ സിംഗിൾസ് മത്സരത്തിൽ നാഗലിന് ആദ്യ റൗണ്ട് കടക്കാൻ സാധിച്ചിരുന്നില്ല.
എങ്കില്‍ പോലും പാരിസ് ഒളിമ്പിക്‌സില്‍ താരം മികവിലേക്ക് ഉയരുമെന്നാണ് ആരാധകര്‍ കരുതുന്നത്. പാരിസിലേത് നാഗലിന്‍റെ രണ്ടാം ഒളിമ്പിക്‌സാണ്. കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സിലെ രണ്ടാം റൗണ്ടില്‍ ഡാനില്‍ മെദ്‌വദേവിനോട് തോറ്റായിരുന്നു സുമിത് നാഗല്‍ പുറത്തായത്.
നൊവാക്ക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍, കാര്‍ലോസ് അല്‍കാരസ് തുടങ്ങിയ വമ്പന്മാരെല്ലാം ഇത്തവണയും ഒളിമ്പിക്‌സിനുണ്ട്. ഇവരുള്‍പ്പടെയുള്ള താരങ്ങള്‍ക്കെതിരെ ഒരു സ്വപ്‌നക്കുതിപ്പ് നടത്താനായാല്‍ പോലും പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്താൻ സുമിത് നാഗലിന് കഴിയും.64 താരങ്ങള്‍ മാറ്റുരയ്ക്കുന്ന ഒളിമ്പിക്സ് ടെന്നീസില്‍ ജൂലൈ 27 ന് മല്‍സരങ്ങള്‍ ആരംഭിക്കും ഓഗസ്ത് നാലിനാണ് ഫൈനല്‍.
Also Read :പാരിസ് ഒളിമ്പിക്‌സ്: പിവി സിന്ധുവിന് ഗ്രൂപ്പില്‍ ദുര്‍ബലരായ എതിരാളികള്‍; ക്വാര്‍ട്ടര്‍ പിന്നിട്ടാല്‍ മെഡലുറപ്പിക്കാം