പാരിസ്:ഒളിമ്പിക്‌സ് ഗുസ്‌തിയിലെ ഫൈനലില്‍ നിന്ന് അയോഗ്യയാക്കിയതിന് തൊട്ടുപിന്നാലെ ബോധരഹിതയായ വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലേ ദിവസം രാത്രി ഭാരം കുറയ്‌ക്കാന്‍ കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെട്ട താരം നിർജ്ജലീകരണം മൂലം ബോധരഹിതയാകുകയായിരുന്നു. ഒളിമ്പിക്‌സ് ഗുസ്‌തിയിലെ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം മത്സരത്തിന്‍റെ ഫൈനലില്‍ നിന്ന് 100 ഗ്രാം ഭാരം കൂടിയതിനെ തുടര്‍ന്നാണ് താരം അയോഗ്യയായത്.
മുടി മുറിച്ചും രക്തം കളഞ്ഞും ഭാരം കുറയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പേശി ഭാരം കൂടുതലായതിനാല്‍ ഭാരം കുറയ്‌ക്കുന്നത് അത്ര എളുപ്പമല്ല എന്ന് വിനേഷ് ഫോഗട്ട് തന്നെ നേരത്തെ പറഞ്ഞിരുന്നു. റിയോ ഒളിമ്പിക്‌സില്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ ഇറങ്ങിയ വിനേഷ് ഇതിന് ശേഷം 53 കിലോ ഗ്രാം വിഭാഗത്തിലായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ പാരിസില്‍ 50 കിലോയിലേക്ക് മാറുകയായിരുന്നു.
'എൻ്റെ ഭാരം കുറേക്കൂടി നന്നായി നിയന്ത്രിക്കേണ്ടി വരും. കൂറെ കാലത്തിന് ശേഷമാണ് ഞാൻ 50 കിലോയാക്കി ഭാരം കുറച്ചത്. അതിനാൽ ഞാൻ എനിക്ക് കഴിയുന്നിടത്തോളം ഈ ഭാരം നിലനിർത്താൻ ശ്രമിക്കും. കാരണം ഭാരം കുറയ്‌ക്കുന്നത് എനിക്ക് അത്ര എളുപ്പമുളള കാര്യമല്ല കാരണം എന്‍റെ പേശിഭാരം കൂടുതലാണ്' എന്ന് നേരത്തെ വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു.