പത്തനംതിട്ട: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയുമായി പതിനെട്ടുകാരിയും കായിക താരവുമായ വിദ്യാർത്ഥിനി. അറുപതിലേറെ പേർ പീഡനത്തിനിരയാക്കിയെന്ന വനിത കായിക താരത്തിന്‍റെ വെളിപ്പെടുത്തലില്‍ പൊലീസ് കേസെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശിശുക്ഷേമ സമിതിയോട് ആണ് പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്. പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് മുൻപാകെ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ 40 പേർക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ തന്നെ 62 പ്രതികളുണ്ടെന്നാണു സൂചന.പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോള്‍ മുതലാണ് പ്രതികള്‍ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്. സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായെന്നും സൂചനയുണ്ട്. സുബിന്‍(24), എസ് സന്ദീപ്(30), വി കെ വിനീത്(30)കെ അനന്തു(21)ശ്രീനി എന്ന് വിളിക്കുന്ന എസ് സുധി ശ്രീനി(24) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ സുധി സമാനമായ മറ്റൊരു കേസില്‍ പ്രതിയാണ്.
പെൺകുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലില്‍ പത്തനംതിട്ട എസ്‌പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രണ്ടുവർഷത്തെ പീഡന വിവരങ്ങളാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പതിമൂന്നാം വയസുമുതല്‍ കായിക പരിശീലകരും സഹതാരങ്ങളും സഹപാഠികളും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.
പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ആണ്‍സുഹൃത്ത് പീഡിപ്പിച്ച ശേഷം മറ്റുള്ളവർക്ക് കൈമാറിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. 2019ല്‍ പെണ്‍കുട്ടിക്ക് 13 വയസുള്ളപ്പോള്‍ മുതലാണ് ലൈംഗികാതിക്രമം ആരംഭിച്ചത്. മറ്റൊരു പീഡന കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്‌തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ പ്രതികളുണ്ടാകാനാണു സാധ്യതയെന്നു പൊലീസ് പറഞ്ഞു.
ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച ശേഷം അയല്‍ക്കാരനാണ് തന്നെ ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അന്ന് പതിമൂന്ന് വയസ് മാത്രമായിരുന്നു പ്രായം. വീഡിയോ കാണിച്ച ശേഷം അടുത്തുള്ള ഒരു കുന്നിന്‍മുകളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പിന്നീട് ഇയാള്‍ തന്‍റെ സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കാഴ്‌ച വച്ചു.
ഗ്രാമീണ മേഖലയിലെ സ്‌ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന മഹിള സമഖ്യ പദ്ധതി പ്രവര്‍ത്തകരോടാണ് പെണ്‍കുട്ടി പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയത്. ഗൗരവം മനസിലാക്കിയ ഇവര്‍ ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയും അമ്മയും ശിശുക്ഷേമസമിതിയില്‍ ഹാജരായി. അസ്വാഭാവിക കേസാണെന്ന് മനസിലായതോടെ കൂടുതല്‍ വിവരങ്ങള്‍ തേടുകയായിരുന്നു. പ്രായപൂര്‍ത്തിയാകും മുമ്പ് കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രതികള്‍ കൈക്കലാക്കുകയും ചെയ്‌തു. കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കി.
Also Read: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യം; കര്‍മനിരതരായി ഷീ സൈബർ ലാബ്