പത്തനംതിട്ട: ജില്ലയില്‍ വീണ്ടും സിബിഐ ചമഞ്ഞ് ഡിജിറ്റൽ അറസ്‌റ്റ് തട്ടിപ്പ്. 91 കാരനായ മുൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുഴിക്കാലാ സ്വദേശി കെ തോമസിനാണ് പണം നഷ്‌ടമായത്. 45 ലക്ഷം രൂപയാണ് തോമസിൽ നിന്ന് തട്ടിയത്.
ഒറ്റക്ക് താമസിക്കുന്ന തോമസിനെ അതിവിദഗ്‌ധമായാണ് തട്ടിപ്പുകാർ കബളിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്തത്. ദിവസങ്ങൾക്ക് മുൻപ്, മുംബെയിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞ് സൈബർ തട്ടിപ്പുകാർ തോമസിൻ്റെ ഫോണിലേക്ക് കോൾ ചെയ്യുകയും മെസേജുകൾ അയക്കുകയും ചെയ്‌തിരുന്നു.
വീഡിയോ കോളിൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച ആളുകളെ കണ്ടപ്പോൾ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന തോമസിന് തട്ടിപ്പായി തോന്നിയില്ല. തോമസിൻ്റെ കൈവശം കണക്കിൽ കൂടുതൽ പണം ഉള്ളതായി സംശയമുണ്ടെന്ന് പറഞ്ഞ് ഇദ്ദേഹത്തിൻ്റെ ബാങ്ക്, ഓഹരി നിക്ഷേപങ്ങളുടെ വിവരങ്ങൾ മുഴുവൻ തട്ടിപ്പ് സംഘം മനസിലാക്കി.
തുടർന്ന്, പണം പിൻവലിച്ച് റിസർവ് ബാങ്കിൻ്റെ പരിശോധനക്കായി അയക്കണമെന്നും പരിശോധന കഴിഞ്ഞ് മടക്കി നൽകും എന്നും പറഞ്ഞു വിശ്വസിപ്പിച്ചു. തട്ടിപ്പുകാരുടെ വാക്ക് വിശ്വസിച്ച തോമസ് 10 ലക്ഷവും 35 ലക്ഷവും വീതം രണ്ട് തവണകളായി തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു.
ബാങ്ക് അധികൃതർക്ക് സംശയം തോന്നാതിരിക്കാൻ അമേരിക്കയിലുള്ള മകൻ്റെ ആവശ്യത്തിനായാണ് പണം അയക്കുന്നത് എന്നാണ് കുഴിക്കാലാ ഫെഡറൽ ബാങ്ക് ശാഖയിൽ അറിയിച്ചത്. ഓഹരി അകൗണ്ടുകളും ക്ലോസ് ചെയ്‌ത് റിസർവ് ബാങ്കിൽ പരിശോധനക്കായി അയക്കണമെന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടതനുസരിച്ച് ഓഹരി പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സംശയം തോന്നിയ സ്ഥാപന ഉടമ പിൻതിരിപ്പിക്കുകയായിരുന്നു എന്നും തോമസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വലിയ തുക പിൻവലിച്ചതിൽ സംശയം തോന്നിയ ഫെഡറൽ ബാങ്ക് അധികൃതർ തോമസിൻ്റെ അമേരിക്കയിലുള്ള മകനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സമീപവാസിയും ബന്ധുവുമായ വിൽസനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വിൽസൺ വിവരം അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിപ്പെട്ടത്. വിൽസൻ ഗ്രാമ പഞ്ചായത്ത് അംഗം ബെന്നി കുഴിക്കാലായെ വിവരമറിയിക്കുകയും മൂവരും ചേർന്ന് പത്തനംതിട്ട സൈബർ പൊലീസിൽ പരാതി നൽകുകയും ചെയ്‌തു.
കഴിഞ്ഞ കുറേ ദിവസങ്ങൾ കൊണ്ട് നിരവധി വാട്‌സ് ആപ്പ് കോളുകളും മെസേജുകളുമാണ് സൈബർ തട്ടിപ്പ് സംഘം അയച്ചിട്ടുള്ളത്. ഈ നമ്പറുകളിലേക്ക് വിൽസൻ തിരികെ വിളിച്ചെങ്കിലും വിളിക്കുന്നത് തോമസ് അല്ലെന്ന് മനസിലാക്കിയതോടെ തട്ടിപ്പുകാർ കോൾ കട്ട് ചെയ്യുകയായിരുന്നുവെന്നും വിൽസൻ പറഞ്ഞു.
തോമസിന് ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കാൻ അറിയുന്നതിനാൽ തട്ടിപ്പുകാർക്ക് ഭാഷാ പ്രശ്‌നവും ഉണ്ടായില്ല. പത്തനംതിട്ട സൈബർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.