പാലക്കാട്: അപവാദം പറഞ്ഞ് കേരളത്തിലെ വ്യവസായ മുന്നറ്റത്തെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. സർക്കാർ ചർച്ച ചെയ്‌ത് അംഗീകരിച്ച മദ്യ നയമാണ് ഇപ്പോൾ നടപ്പിലാക്കുന്നത് എന്നും അപവാദം ഭയന്ന് കഞ്ചിക്കോട് ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറില്ലെന്നും എം ബി രാജേഷ് വ്യക്തമാക്കി. പാലക്കാട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു തുള്ളി ഭൂഗർഭജലം പോലും പദ്ധതിക്ക് വേണ്ടി എടുക്കില്ല. വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷമാണ് ഈ സർക്കാർ ശ്രമിക്കുന്നത്. ഈ പദ്ധതിയെ എതിർക്കുന്നവർ ആ അന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നത്. ടെന്‍ഡർ വിളിക്കാതെ പദ്ധതിക്ക് അനുമതി നൽകി എന്നതായിരുന്നു ആദ്യ ആരോപണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"വ്യവസായം തുടങ്ങാൻ ടെൻഡർ വിളിക്കുന്ന പതിവില്ല. ആ വാദം യുഡിഎഫ് ഉപേക്ഷിച്ച മട്ടാണ്. ജലചൂഷണ വാദമുയർത്തിയാണ് ഇപ്പോൾ എതിർപ്പ് ഉയർത്തുന്നത്. ഒരു തുള്ളി ഭൂഗർഭ ജലം പോലും പദ്ധതിക്ക് വേണ്ടി എടുക്കില്ല. മഴവെള്ള സംഭരണത്തിലൂടെയും മലമ്പുഴ അണക്കെട്ടിൽ നിന്നും വെള്ളം കണ്ടെത്താനാവും," -മന്ത്രി പറഞ്ഞു.
മലമ്പുഴയിൽ നിന്ന് വ്യവസായത്തിന് വെള്ളം നൽകുന്നതിൽ ഒരു തടസവുമില്ല. മുഖ്യമന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 9.26 കോടി ലിറ്റർ സ്‌പിരിറ്റാണ് എല്ലാ വർഷവും കേരളത്തിലേക്ക് കൊണ്ടുവരുന്നത്. കേരളത്തിൽ ഉത്പാദനം നടന്നാൽ അതിൻ്റെ ഗുണം കിട്ടും. നിരവധി പേർക്ക് തൊഴിൽ ലഭിക്കാവുന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും എംബി രാജേഷ് വ്യക്തമാക്കി.