മുംബൈ: ക്യാൻസറിനെ തോൽപ്പിച്ച് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ യുവരാജ് സിങ്ങിന്‍റെ അപ്രതീക്ഷിത വിരമിക്കലിന്‍റെ പരോക്ഷ കാരണക്കാരന്‍ വിരാട് കോലിയാണെന്ന് മുന്‍ താരം റോബിന്‍ ഉത്തപ്പ. അന്ന് ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന വിരാട് കോലിയോട് യുവരാജ് ഫിറ്റ്‌നസ് ഇളവുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിരാട് അതു നിരസിച്ചുവെന്നും ലല്ലൻടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ ഉത്തപ്പ പറഞ്ഞു.
"വിരാടിന്‍റെ ക്യാപ്റ്റൻസി ശൈലി വ്യത്യസ്‌തമായിരുന്നു. തന്‍റെ നിലവാരത്തിനൊത്ത് എല്ലാവരും ഉയരണമെന്നാണ് അദ്ദേഹം കരുതുന്നത്. ഫിറ്റ്‌നസ് ആയാലും, ഭക്ഷണശീലമായാലും, മറ്റെന്തായാലും അതു അങ്ങനെ തന്നെയാണ്.
രണ്ട് തരത്തിലുള്ള ക്യാപ്റ്റന്മാരാണ് ക്രിക്കറ്റില്‍ ഉള്ളത്. ഒന്ന്, തന്‍റെ നിലവാരത്തിലേക്ക് എത്തുക അല്ലെങ്കില്‍ പുറത്തിരിക്കുക എന്ന് പറയുന്നവരാണ്. വിരാട് ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. കളിക്കാരെ ചേര്‍ത്തുപിടിച്ച് തങ്ങളുടെ നിലവാരത്തിലേക്ക് ഉയരാന്‍ സഹാക്കുന്നവരാണ് മറ്റൊരു കൂട്ടര്‍. രോഹിത് ശര്‍മ ഈ വിഭാഗത്തിലാണ്. അതിന്‍റേതായ ഗുണവും ദോഷവും രണ്ടിനുമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്നാല്‍ ഇതു കളിക്കാരനിലുണ്ടാക്കുക വ്യത്യസ്‌ത സ്വാധീനമായിരിക്കും. യുവരാജ് സിങ്ങിന്‍റെ കാര്യമെടുത്താല്‍, ക്യാന്‍സറിനെ അതിജീവിച്ച് തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യൻ ടീമില്‍ നിന്നും പുറത്താവാനുള്ള വഴി ഒരുക്കിയത് വിരാട് കോലിയാണ്.
ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന അദ്ദേഹം, ജീവിതത്തില്‍ അതിനെക്കാള്‍ വലിയ പോരാട്ടം നടത്തി ക്യാന്‍സറിനെ തോല്‍പ്പിച്ചാണ് തിരിച്ചെത്തിയത്. ടീമില്‍ തുടരണമെങ്കില്‍ കടുത്ത ഫിറ്റ്‌നെസ് ടെസ്റ്റ് പാസാവണമെന്ന് വിരാട് വാശിപിടിച്ചു. ശ്വാസകോശ ക്യാന്‍സറിനെ അതിജീവിച്ചെത്തിയ യുവി ഫിറ്റ്‌നെസ് ടെസ്റ്റില്‍ മറ്റ് താരങ്ങളില്‍ നിന്ന് രണ്ട് പോയിന്‍റിന്‍റെ ഇളവ് ആവശ്യപ്പെട്ടിരുന്നു.
കോലിയോ അന്നത്തെ ടീം മാനേജ്‌മെന്‍റോ അതിന് തയാറായില്ല. എന്നാല്‍ ഫിറ്റ്‌നെസ് ടെസ്റ്റ് പാസായി അദ്ദേഹം ടീമിലേക്ക് തിരികെ എത്തി. പക്ഷെ, ചാമ്പ്യന്‍സ് ട്രോഫിയില്‍ തിളങ്ങാന്‍ കഴിയാതെ വന്നതോടെ അദ്ദേഹം ടീമില്‍ നിന്നും പുറത്തായി. പിന്നീട് ആരും യുവിയെ ടീമിലേക്ക് പരിഗണിച്ചില്ല. എന്നാല്‍ യുവിയെ പൊലൊരു താരത്തെ ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല പരിഗണിക്കേണ്ടിയിരുന്നത്" ഉത്തപ്പ പറഞ്ഞു.
ALSO READ: തിരിച്ചുവരവിനൊരുങ്ങി മുഹമ്മദ് ഷമി; ഇംഗ്ലണ്ടിനെതിരേ പന്തെറിയുമെന്ന് സൂചന - MOHAMMED SHAMI INJURY
വൈറ്റ്-ബോൾ ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാലാണ് യുവി. 2011-ലെ ലോകകപ്പിന് പിന്നാലെയാണ് യുവിക്ക് ശ്വാസകോശ ക്യാന്‍സര്‍ ബാധിക്കുന്നത്. പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയ താരം 2017-ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ചിരുന്നു. മോശം പ്രകടത്തിന്‍റെ പേരില്‍ ടീമില്‍ നിന്നും പുറത്തായ താരത്തിന് പിന്നീട് അവസരം ലഭിച്ചിരുന്നില്ല. ഒടുവില്‍ 2019 ജൂണ്‍ 10-നാണ് യുവി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.