മെല്‍ബണ്‍: ടെന്നീസ് സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്‍റെ കരിയറിലെ വിവാദ ഏടാണ് 2022-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. സീസണ്‍ ഓപ്പണറിനായി മെല്‍ബണിലേക്ക് എത്തിയ ജോക്കോയുടെ വിസ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ റദ്ദാക്കി. കൊവിഡ് വാക്‌സില്‍ എടുക്കാത്തതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി.
ഇതിനെതിരെ സെര്‍ബിയന്‍ താരം നിയമപോരാട്ടത്തിന് ഇറങ്ങിയിരുന്നു. ഇതോടെ ഏതാനും ദിവസങ്ങളില്‍ ജോക്കോയ്‌ക്ക് മെല്‍ബണിലെ ഒരു ഹോട്ടലില്‍ 'തടങ്കലില്‍' കഴിയേണ്ടിവന്നു. ഒടുവില്‍ കോടതിയും സര്‍ക്കാറിനൊപ്പം നിന്നതോടെയാണ് ജോക്കോയെ നാടുകടത്തുകയാണുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോഴിതാ മെല്‍ബണിലെ ഹോട്ടലില്‍ വച്ച് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് 37-കാരന്‍. ജിക്യു എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജോക്കോവിച്ച് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
"എനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മെൽബണിലെ ആ ഹോട്ടലിൽ എനിക്ക് വിഷം കലർന്ന ഭക്ഷണം നൽകിയതായി എനിക്ക് മനസിലായി. സെർബിയയിൽ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.
ശരീരത്തിൽ ഉയർന്ന അളവിൽ ലെഡിന്‍റെയും മെർക്കുറിയുടെയും സാന്നിധ്യം കണ്ടെത്തി. ഇതോടെ വിഷം ഉള്ളിൽ ചെന്നതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. ഇത്രയും അളവിൽ ലെഡും മെർക്കുറിയും ശരീരത്തിലെത്തണമെങ്കില്‍ അതു ഭക്ഷണത്തിലൂടെ മാത്രമേ കഴിയൂ. ഇക്കാര്യം ഇതുവരെ ഞാന്‍ പരസ്യമായി പറഞ്ഞിട്ടില്ല"- ജോക്കോ പറഞ്ഞു.
അതേസമയം വിസ പ്രശ്‌നങ്ങള്‍ തീര്‍ന്നതോടെ 2023-ല്‍ ജോക്കോ ഓസ്‌ട്രേലിയയില്‍ കളിക്കാനിറങ്ങിയിരുന്നു. മെല്‍ബൺ പാർക്കിലെ റോഡ് ലാവെർ അറീനയില്‍ കിരീടം ഉയര്‍ത്തിയായിരുന്നു ജോക്കോ തിരിച്ച് പറന്നത്. ഞായറാഴ്‌ചയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ പുതിയ പതിപ്പിന് തുടക്കമാവുന്നത്.
ടൂര്‍ണമെന്‍റില്‍ 11-ാമത്തെയും 25-ാം ഗ്രാൻഡ് സ്ലാം കിരീടവുമാണ് ജോക്കോവിച്ച് ഇത്തവണ ലക്ഷ്യം വക്കുന്നത്. ഒരൊറ്റ ഗ്രാൻസ്ലാം കിരീടവും നേടാന്‍ കഴിയാതെയായിരുന്നു 2024 സീസണ്‍ ജോക്കോ അവസാനിപ്പിച്ചത്.