തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇടത് വിദ്യാര്‍ഥി സംഘടന എഐഎസ്എഫ്. ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് കൊണ്ട് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അതിനെ എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് വ്യക്തമാക്കി.
സ്വകാര്യ സര്‍വകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അനുമതി നല്‍കിയതിന് പിന്നാലെയാണ് പ്രതിഷേധം അറിയിച്ച് എഐഎസ്‌എഫ് രംഗത്തെത്തിയത്. വിദ്യാഭ്യാസ മേഖലയുടെ വാണിജ്യ വത്കരണം ലക്ഷ്യം വയ്‌ക്കുന്ന ശ്യാം ബി മേനോൻ കമ്മിറ്റിയുടെ വിവാദ നിർദേശം വിദ്യാഭ്യാസത്തിന്‍റെ സാമ്പത്തിക ഉത്തരവാദിത്തത്തിൽ നിന്ന് സര്‍ക്കാരിന് പിന്മാറേണ്ട സാഹചര്യമാണ് സൃഷ്‌ടിക്കുകയെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ മെറിറ്റും സാമൂഹ്യ നീതിയും അട്ടിമറിച്ച് സർവകലാശാലകളെ കച്ചവട സ്ഥാപനമാക്കി പരിവർത്തിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും എഐഎസ്‌ഫിന്‍റെ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സംരക്ഷണ പ്രക്ഷോഭത്തിനിടെ രക്തസാക്ഷിത്വമടക്കമുള്ള ഭരണകൂട ഭീകരതകൾ ഏറ്റുവാങ്ങിയവരുടെ ത്യാഗങ്ങളെ വിസ്‌മരിച്ചു കൊണ്ട് വിദ്യാഭ്യാസ കച്ചവടക്കാരുമായി അനുരഞ്ജനപ്പെടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെങ്കിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് ആർഎസ് രാഹുൽ രാജും സെക്രട്ടറി പി കബീറും മുന്നറിയിപ്പ് നൽകി.
അതേസമയം, ഫീസിലും വിദ്യാർഥി പ്രവേശനത്തിലും സർക്കാരിന് നിയന്ത്രണമില്ലാതെയാണ് സ്വകാര്യ സർവകലാശാല കരട് ബിൽ തയ്യാറാക്കിയത്. സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ മാത്രമാകും സർക്കാരിന് അധികാരങ്ങൾ ഉണ്ടാകുക. സര്‍വകലാശാലയുടെ നടത്തിപ്പില്‍ അധ്യാപക നിയമനം, വൈസ് ചാന്‍സലര്‍ അടക്കമുള്ള ഭരണ നേതൃത്വത്തിന്‍റെ നിയമനം ഉള്‍പ്പെടെ വിഷയങ്ങളില്‍ യുജിസി, സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള നിയന്ത്രണ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കരട് ബില്ലില്‍ പറയുന്നു.
വിദ്യാഭ്യാസ മേഖലയില്‍ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്‌പോണ്‍സറിങ് ഏജന്‍സിക്ക് സ്വകാര്യ സര്‍വകലാശാലക്ക് വേണ്ടി അപേക്ഷിക്കാൻ സാധിക്കും. ഇതിനകം ചില വിദേശ സര്‍വകലാശാലകള്‍ താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Also Read: സ്വകാര്യ സര്‍വകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗത്തിൻ്റെ അനുമതി; മാർഗനിർദേശങ്ങള്‍ പുറത്തിറക്കി