മുംബൈ: ഇന്ത്യൻ ഓഹരി വിപണി വമ്പൻ തകർച്ചയിൽ തുടരുന്നു. ഇന്ന് ഉച്ചയോടുകൂടി സെൻസെക്‌സും നിഫ്‌റ്റിയും 1.3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. സെൻസെക്‌സിൽ 1000 പോയിന്‍റ് (1.25ശതമാനം) ഇടിഞ്ഞ് 76,300ൽ എത്തി. അതേസമയം നിഫ്റ്റി 300 പോയിൻ്റ് ( 1.3 ശതമാനം) ഇടിഞ്ഞ് 23,100 ആയി.
തുടര്‍ച്ചയായ അഞ്ചാംദിവസമാണ് ഓഹരി വിപണി നഷ്‌ടത്തിൽ തുടരുന്നത്. ഇടത്തരം, ചെറുകിട ഓഹരികളില്‍ ഉണ്ടായ ഇടിവാണ് വിപണിയില്‍ പ്രതിഫലിച്ചത്. ബ്ലൂ-ചിപ്പ് സ്റ്റോക്കുകൾക്കപ്പുറം മിഡ്‌ക്യാപ്, സ്‌മോൾക്യാപ് (ഇടത്തരം, ചെറുകിട ഓഹരികള്‍) സൂചികകൾ 3.5 ശതമാനത്തോളം ഇടിഞ്ഞു. ഇതോടെ ഓഹരി വിപണിയിൽ കനത്ത നഷ്‌ടമാണുണ്ടായിരിക്കുന്നത്.
സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കുള്ള തീരുവ വർധിപ്പിച്ച ട്രംപിൻ്റെ ഭരണ പരിഷ്‌കാരമാണ് വിപണിയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്താൻ കാരണം. മാർച്ച് 12 മുതൽ ഇറക്കുമതികൾക്കുള്ള തീരുവ വർധിപ്പിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ട്രംപ് ഒപ്പുവച്ചിരുന്നു. അലുമിനിയത്തിൻ്റെ തീരുവ 10 ശതമാനത്തിൽ നിന്ന് 25 ശതമാനമായും സ്റ്റീൽ ഇറക്കുമതിക്ക് 25 ശതമാനവും തീരുവ ഏർപ്പെടുത്തിയതാണ് പുതിയ തീരുമാനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിന് പുറമേ ഡോളറിനെതിരെ രൂപയുടെ മൂല്യം 88 എന്ന റെക്കോര്‍ഡ് താഴ്‌ചയിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. ഈ മാസം ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് 12,643 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. നിലവിലെ ട്രംപിൻ്റെ ഭരണ പരിഷ്‌കാരം ആഗോള സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
സ്റ്റീൽ ഇറക്കുമതിക്ക് തീരുവ ചുമത്താനുള്ള തീരുമാനത്തിൽ ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ (ISA) കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ആൻ്റി-ഡംപിങ്, കൗണ്ടർവെയിലിങ് തീരുവകൾ നീക്കം ചെയ്യുന്നതിനും നിയന്ത്രണ നടപടികളിൽ ഇളവുകൾ വേണമെന്നും ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പുതുക്കിയ നിയമപ്രകാരം വ്യാപാരം നടത്തുകയാണെങ്കിൽ യുഎസിലേക്കുള്ള സ്റ്റീൽ കയറ്റുമതിയിൽ 85 ശതമാനത്തോളം കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യൻ വിപണിയെ കൂടുതൽ പ്രതിസന്ധിയിലാക്കും.