ന്യൂഡൽഹി: 'ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ്' എന്ന പരിപാടിക്കിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ തനിക്കെതിരെ ഫയൽ ചെയ്‌ത എഫ്‌ഐആറുകൾ ഒരുമിച്ച് ചേർക്കണമെന്ന് യുട്യൂബർ രൺവീർ അല്ലാഹ്ബാദിയ. ആവശ്യവുമായി രണ്‍വീര്‍ സുപ്രീം കോടതിയെ സമീപിച്ചു.
വിഷയത്തില്‍ അടിയന്തര വാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ രണ്‍വീര്‍ ആവശ്യപ്പെട്ടു. യുട്യൂബറെ പ്രതിനിധീകരിച്ച് അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഡാണ് കോടതിയല്‍ ഹാജരായത്.
എഫ്‌ഐആറുകൾ ഒരുമിച്ച് ചേർക്കുന്നതിനും നടപടികളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും നിർദേശം നൽകണമെന്ന് അലാഹ്ബാദിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിഷയം ഉടൻ പരിഗണിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
ഹാസ്യ ഷോയ്ക്കിടെ അശ്ലീല പരാമർശങ്ങളും ചര്‍ച്ചകളും നടത്തിയെന്ന പരാതിയെ തുടർന്ന് അല്ലാഹ്ബാദിയ കൊമേഡിയൻ സമയ് റെയ്‌ന ഉൾപ്പെടെയുള്ളവർക്കുമെതിരെ അസമിലെ ഗുവാഹത്തിയിൽ എഫ്‌ഐആറുകൾ ഫയൽ ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ ഒരാളുടെ മാതാപിതാക്കളെക്കുറിച്ച് രൺവീർ അല്ലാഹ്ബാദിയ നടത്തിയ മോശം പരാമര്‍ശവും വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സമയ് റെയ്‌ന, യുട്യൂബര്‍ ആശിഷ് ചഞ്ചലാനി, ഹാസ്യതാരം ജസ്‌പ്രീത് സിങ്, കണ്ടന്‍റ് ക്രിയേറ്റേര്‍ അപൂര്‍വ മുഖിജ എന്നിവര്‍ നടത്തുന്ന ഷോയിലാണ് അശ്ലീല പരാമര്‍ങ്ങളുണ്ടായത്.
യുട്യൂബ് ഷോ നിരോധിക്കണമെന്നും മാതാപിതാക്കളെക്കുറിച്ചുള്ള മോശം ചോദ്യത്തിന് രൺവീർ ക്ഷമാപണം നടത്തണമെന്നും സമൂഹമാധ്യമങ്ങളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെ രണ്‍വീര്‍ അല്ലാഹാബാദിയ തന്‍റെ എക്‌സ് അക്കൗണ്ടിലൂടെ ക്ഷമാപണം നടത്തി.