ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ പടയോട്ടത്തിന് വിരാമം. ഫൈനലിന് ഒരു ചുവടുമുമ്പേ ഇന്ത്യൻ ടീമിന് കാലിടറി. സെമിയിൽ ലോക ചാമ്പ്യന്‍മാരായ ജർമ്മനിയോട് 3-2 ന് പരാജയം വഴങ്ങി. ഇനി ഇന്ത്യ വെങ്കലപ്പോരാട്ടത്തിൽ സ്പെയിനിനെ നേരിടും.
നിലവിലെ ലോക ചാമ്പ്യൻമാരെ സെമിയിൽ നേരിടാനിറങ്ങിയ ടീം ഇന്ത്യ തുടക്കം മുതൽ കളിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. ഏഴാം മിനുട്ടിൽത്തന്നെ ഹർമൻ പ്രീത് സിങ്ങ് പെനാൽറ്റി കോർണറിൽ നിന്ന് ഗോൾ നേടി ഇന്ത്യയെ മുന്നിലെത്തിച്ചു. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ 1-0 ത്തിന് മുന്നിലായിരുന്നു. രണ്ടാം ക്വാർട്ടറിൽ ജർമ്മനി ആഞ്ഞടിക്കുന്നതാണ് കണ്ടത്. പതിനാറാം മിനുട്ടിൽത്തന്നെ ഗോൺസാലോ പീലട്ട് പെനാൽറ്റി കോർണർ ഗോളാക്കി സമനില പിടിച്ചു. കളി ഇരുപത്തേഴാം മിനുട്ടിലെത്തിയപ്പോൾ ഇന്ത്യയെ ഞെട്ടിച്ച് ക്രിസ്റ്റഫർ റ്യൂഹർ പെനാൽറ്റിയിലൂടെ ഗോൾ നേടി ജർമനിയെ മുന്നിലെത്തിച്ചു. മൂന്നാം ക്വാർട്ടറിൽ മുപ്പത്താറാം മിനുട്ടിൽ സുഖ്ജീത് സിങ്ങ് പെനാൽറ്റി കോർണറിൽ നിന്ന് ഇന്ത്യയുടെ സമനില ഗോൾ കണ്ടെത്തി.നാലാമത്തെ ക്വാർട്ടറിൽ 54 ആം മിനുട്ടിൽ വീണ്ടും ജർമ്മനി മുന്നിലെത്തി.മാർക്കോ മിൽട്ടകൌവിൻറെ ഫീൽഡ് ഗോൾ.ഇന്ത്യൻ ടീമിൻറെ ഹൃദയം പിളർന്ന ആ ഗോൾ നീണ്ട 44 വർഷത്തിനു ശേഷം ഒളിമ്പിക് ഹോക്കി ഫൈനലിലെത്താമെന്ന ഇന്ത്യൻ പ്രതീക്ഷകളെക്കൂടി തകർത്തു.