റോം:പാകിസ്ഥാന്‍റെ കായിക ലോകത്ത് വിവാദങ്ങള്‍ക്ക് കാര്യമായ ഇടവേളയുണ്ടാവാറില്ല. ക്രിക്കറ്റിലായാലും മറ്റ് കായിക ഇനങ്ങളിലായാലും ഇതില്‍ കാര്യമായ മാറ്റങ്ങളും ഉണ്ടാവാറില്ല. ഇപ്പോഴിതാ പാകിസ്ഥാന്‍ ബോക്‌സിങ്ങില്‍ നിന്നാണ് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാവുന്ന വാര്‍ത്ത പുറത്ത് എത്തിയിരിക്കുന്നത്. പാരിസ് ഒളിമ്പിക്‌സ് (Paris Olympics 2024) യോഗ്യതാ ടൂര്‍ണമെന്‍റിന് ഇറ്റലിയിലെത്തിയ പാകിസ്ഥാന്‍ ബോക്‌സര്‍ സൊഹൈബ് റഷീദ് (Zohaib Rasheed) ടീമംഗത്തിന്‍റെ ബാഗിൽ നിന്ന് പണം മോഷ്‌ടിച്ച് മുങ്ങിയിരിക്കുകയാണ്.
പാകിസ്ഥാൻ അമേച്വർ ബോക്സിങ് ഫെഡറേഷനാണ് (Pakistan Amateur Boxing Federation) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാര്യങ്ങള്‍ ഇറ്റലിയിലെ പാകിസ്ഥാൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫെഡറേഷന്‍റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പിക്കുന്നതിനായി സൊഹൈബ് റഷീദ് ഉള്‍പ്പെട്ട അഞ്ചംഗ ബോക്‌സിങ് ടീമാണ് ഇറ്റലിയില്‍ എത്തിയിരുന്നത്.
സംഘത്തിലെ വനിത ബോക്‌സറായ ലോറ ഇക്രത്തിന്‍റെ പണമാണ് സൊഹൈബ് റഷീദ് ഹോട്ടല്‍ മുറിയില്‍ കയറി അടിച്ചുമാറ്റിയത്. ലോറ ഇക്രം (Laura Ikram) ട്രെയ്‌നിങ്ങിനായി പുറത്തുപോയപ്പോഴായിരുന്നു കവര്‍ച്ച. ഹോട്ടല്‍ റിസപ്‌ഷനില്‍ നിന്നും ലോറ ഇക്രം താമസിച്ചിരുന്ന മുറിയുടെ താക്കോല്‍ സൊഹൈബ് റഷീദ് കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറിയ ശേഷം താരത്തിന്‍റെ പഴ്‌സിലുണ്ടായിരുന്ന വിദേശ കറന്‍സികളുമായി സൊഹൈബ് റഷീദ് മുങ്ങുകയായിരുന്നു.