നേപ്പിള്‍സ് :ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദ മത്സരത്തില്‍ (UEFA Champions League Round Of 16) സ്‌പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്‌ക്ക് (Barcelona) സമനില കുരുക്ക്. ഇറ്റാലിയൻ ക്ലബ് നാപ്പോളിയാണ് (Napoli) ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് റൗണ്ടില്‍ ബാഴ്‌സയെ സമനിലയില്‍ പൂട്ടിയത്. മത്സരത്തില്‍ ഇരു ടീമും ഓരോ ഗോളുകള്‍ വീതം നേടിയായിരുന്നു പിരിഞ്ഞത് (Napoli vs Barcelona Result).
പുതിയ പരിശീലകന് കീഴില്‍ ചാമ്പ്യൻസ് ലീഗിലെ നിര്‍ണായക മത്സരത്തിനിറങ്ങിയ നാപ്പോളി താളം കണ്ടെത്താൻ ആദ്യം വിഷമിച്ചിരുന്നു. ഈ അവസരങ്ങള്‍ മുതലെടുത്ത ബാഴ്‌സലോണയാണ് തുടക്കത്തില്‍ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞത്. നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഗോള്‍ പട്ടിക തുറക്കാൻ ബാഴ്‌സയ്‌ക്ക് സാധിച്ചിരുന്നില്ല.
ഗോള്‍ രഹിതമായ ഒന്നാം പകുതിയ്‌ക്ക് ശേഷം രണ്ടാം പകുതിയിലും ബാഴ്‌സലോണ തന്നെ കളി നിയന്ത്രിച്ചു. ഒടുവില്‍ മത്സരത്തിന്‍റെ 60-ാം മിനിറ്റില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവൻഡോസ്‌കിയിലൂടെ (Robert Lewandowski) ലീഡ് പിടിക്കാൻ സന്ദര്‍ശകര്‍ക്കായി. പെഡ്രിയുടെ (Pedri) അസിസ്റ്റില്‍ നിന്നാണ് ലെവൻഡോസ്‌കി ബാഴ്‌സയ്‌ക്ക് ലീഡ് സമ്മാനിച്ചത് (Lewandowski Goal Against Napoli In UCL).