ന്യൂഡല്‍ഹി:ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി 2026 ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിലെ നിരവധി മത്സരയിനങ്ങള്‍ ഒഴിവാക്കി. പ്രധാന ഇനങ്ങളായ ഹോക്കി, ഗുസ്‌തി, ഷൂട്ടിങ്, ബാഡ്‌മിന്‍റണ്‍ എന്നിവയടക്കം വെട്ടിച്ചുരുക്കിയെന്നാണ് റിപ്പോർട്ട്. അധികൃതരുടെ നീക്കം ഇന്ത്യക്ക് കനത്ത നിരാശയാണ് സമ്മാനിച്ചത്. 1998 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അരങ്ങേറിയ ഹോക്കി പിന്നീട് നടന്ന ഗെയിംസിലെല്ലാം സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ചെലവ് കുറക്കലിന്‍റെ ഭാഗമായിട്ടാണ് ഇനങ്ങൾ ഒഴിവാക്കിയതെന്നാണ് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷന്‍റെ വിശദീകരണം. ഗെയിംസിലെ മത്സരയിനങ്ങൾ തീരുമാനിക്കുന്നത് ആതിഥേയ നഗരത്തിന്‍റെ അധികാരമാണ്. ഗ്ലാസ്‌ഗോ ആതിഥ്യം വഹിക്കുന്ന കോമൺവെൽത്ത് ഗെയിംസ് 2026 ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെ നടക്കും.
ഇതോടെ ആകെ ഗെയിംസിലെ മത്സര ഇനങ്ങളുടെ എണ്ണം പത്തായി ചുരുങ്ങി. അത്‌ലറ്റിക്‌സ് ആന്‍ഡ് പാരാ അത്‌ലറ്റിക്‌സ്, നീന്തല്‍ ആന്‍ഡ് പാരാ നീന്തല്‍, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, ട്രാക്ക് സൈക്ലിങ് ആന്‍ഡ് പാരാ ട്രാക്ക് സൈക്ലിങ്, നെറ്റ് ബോള്‍, ഭാരോദ്വഹനം ആന്‍ഡ് പാരാ ഭാരോദ്വഹനം, ബോക്‌സിങ്, ജൂഡോ, ബൗള്‍സ് ആന്‍ഡ് പാരാ ബൗള്‍സ്, 3 x 3 ബാസ്‌കറ്റ് ബോള്‍ ആന്‍ഡ് 3 x 3 വീല്‍ചെയര്‍ ബാസ്‌കറ്റ് ബോള്‍ എന്നിവയില്‍ മാത്രമേ അടുത്ത പതിപ്പില്‍ മല്‍സരങ്ങുള്ളൂ.