ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ (Premier League) ജയം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ ജയമാണ് യുണൈറ്റഡ് നേടിയത് (Aston Villa vs Manchester United Result). മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് മാത്രം ബാക്കിയിരിക്കെ മക്‌ടോമിനെ (Scott McTominay) നേടിയ ഗോളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയമൊരുക്കിയത്.
റാസ്‌മസ് ഹൊയ്‌ലുണ്ടാണ് യുണൈറ്റഡിന്‍റെ മറ്റൊരു ഗോള്‍ സ്കോറര്‍. ഡഗ്ലസ് ലൂയിസായിരുന്നു ആസ്റ്റണ്‍വില്ലയ്‌ക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ വലയില്‍ പന്തെത്തിച്ചത്.
ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാര്‍ക്കിലായിരുന്നു മത്സരം. ഏവേ മത്സരത്തിനിറങ്ങിയ യുണൈറ്റഡ് മികച്ച രീതിയിലാണ് കളി തുടങ്ങിയത്. മികച്ച നീക്കങ്ങളുമായി മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ യുണൈറ്റഡ് ആസ്റ്റണ്‍ വില്ലയെ പ്രതിരോധത്തിലാക്കി.
മത്സരത്തിന്‍റെ 17-ാം മിനിറ്റില്‍ തന്നെ യുണൈറ്റഡിന് മത്സരത്തില്‍ ലീഡ് പിടിക്കാനായി. കോര്‍ണറില്‍ നിന്നായിരുന്നു മാഞ്ചസ്റ്ററിന്‍റെ ഗോള്‍ വന്നത്. ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ കോര്‍ണര്‍ കിക്ക് ഹാരി മഗ്വയര്‍ ഹെഡ് ചെയ്‌ത് വലയിലെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍, മഗ്വെയറിന്‍റെ ഹെഡര്‍ ചെന്നത് ഹൊയ്‌ലുണ്ടിന്‍റെ കാലുകളിലേക്ക്.
അവസരം മുതലെടുത്ത ഹൊയ്‌ലുണ്ട് കൃത്യമായി തന്നെ പന്ത് ആസ്റ്റണ്‍ വില്ലയുടെ വലയിലെത്തിച്ചു. ലീഡ് എടുത്തതോടെ പ്രതിരോധത്തിലേക്കിറങ്ങിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്നീട് കളിച്ചത്. ആസ്റ്റണ്‍ വില്ലയുടെ ഗോള്‍ ശ്രമങ്ങള്‍ ഒനാന രക്ഷപ്പെടുത്തിയതോടെ മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചു.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ തന്നെ ആസ്റ്റണ്‍ വില്ല ആക്രമണങ്ങളുടെത മൂര്‍ച്ച കൂട്ടി. ഒനാനയുടെ മികവ് പലപ്പോഴും യുണൈറ്റഡിന് തുണയായി മാറുകയായിരുന്നു. എന്നാല്‍, മത്സരത്തിന്‍റെ 67-ാം മിനിറ്റില്‍ ഡഗ്ലസ് ലൂയിസ് ഒനാനയെ മറികടന്ന് ആസ്റ്റണ്‍ വില്ലയുടെ സമനില ഗോള്‍ കണ്ടെത്തി.
പിന്നാലെ, യുണൈറ്റഡും ആക്രമണങ്ങളിലേക്ക് തിരിച്ചുവന്നു. 86-ാം മിനിറ്റില്‍ സ്കോട്ട് മക്‌ടോമിനെയുടെ ഹെഡര്‍ യുണൈറ്റഡിന്‍റെ വിജയം ഉറപ്പിച്ചു. ഡിയോഗോ ഡലോട്ടിന്‍റെ ക്രോസില്‍ നിന്നാണ് മാക്‌ടോമിനെ ഗോള്‍ നേടിയത്.
ലീഗില്‍ യുണൈറ്റഡിന്‍റെ തുടര്‍ച്ചയായ മൂന്നാമത്തെ ജയം ആയിരുന്നു ഇത്. നിലവില്‍ 24 മത്സരം പൂര്‍ത്തിയായപ്പോള്‍ 13 ജയങ്ങളാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. സീസണില്‍ 41 പോയിന്‍റ് സ്വന്തമായുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ ആസ്റ്റണ്‍ വില്ലയ്‌ക്ക് പിന്നില്‍ ആറാം സ്ഥാനത്താണ്.
Also Read :ആഴ്‌സണലിന്‍റെ 'ആറാട്ട്'; പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിന് വമ്പന്‍ തോല്‍വി