തുടർച്ചയായ അഞ്ചാം തോൽവിയോടെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ദൗർഭാഗ്യം തുടരുന്നു. സ്വന്തം ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാമായിരുന്നു എതിരില്ലാത്ത നാലു ഗോളിന് സിറ്റിയെ തറപറ്റിച്ചത്. ഒരു ഗോൾപോലും തിരിച്ചടിക്കാൻ സിറ്റി താരങ്ങള്‍ക്ക് കഴിഞ്ഞില്ല.
ജെയിംസ് മാഡിസന്‍റെ ഇരട്ട ഗോളിന്‍റെ ബലത്തിലാണ് ടോട്ടണം തകര്‍പ്പന്‍ ജയം നേടിയത്. ആദ്യ 20 മിനിറ്റില്‍ തന്നെ മാഡിസണ്‍ രണ്ട് തവണ സിറ്റിയുടെ വല കുലുക്കി. മത്സരത്തിന്‍റെ 13-ാം മിനിറ്റില്‍ മാഡിസണില്‍ നിന്ന് ടോട്ടനത്തിന്‍റെ ആദ്യ ഗോള്‍ പിറന്നത്. ഒരു ഗോള്‍ കിട്ടിയതോടെ സിറ്റി തിരിച്ചടി ശക്തമാക്കാന്‍ തുടങ്ങി. എന്നാല്‍ ഇടവേളകളില്‍ സിറ്റിയുടെ വല ലക്ഷ്യമാക്കി പന്തെത്തിക്കൊണ്ടിരുന്നു.
പിന്നാലെ 20-ാം മിനിറ്റിൽ മാഡിസൻ തന്‍റെ രണ്ടാം ഗോളും നേടി ലീഡ് രണ്ടാക്കി. ആദ്യ പകുതിയിൽ രണ്ട് ഗോളിന്‍റെ മുന്നേറ്റത്തില്‍ കളി അവസാനിപ്പിച്ച ടോട്ടനം രണ്ടാം പകുതിയിലായിരുന്നു ബാക്കി രണ്ട് ഗോളുകളും സ്വന്തമാക്കിയത്.
മത്സരത്തിൽ 59 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 23 ഷോട്ടുകൾ ടോട്ടനത്തിന്‍റെ വല ലക്ഷ്യമാക്കി തൊടുത്തു. അതിൽ അഞ്ചെണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്. മത്സരം 52-ാം മിനിറ്റില്‍ എത്തി നില്‍ക്കെ പെഡ്രോ പോറോവിലൂടെ ടോട്ടനത്തിന്‍റെ മൂന്നാം ഗോളും പിറന്നു. ലീഡ് മൂന്നായതോടെ സിറ്റി സമ്മര്‍ദ്ദത്തിലായി.