മുംബൈ : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ (India vs England) സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് (Jasprit Bumrah) വിശ്രമം അനുവദിച്ചത് സ്ഥിരീകരിച്ച് ബിസിസിഐ. ജോലി ഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ബുംറയെ വെള്ളിയാഴ്‌ച റാഞ്ചിയില്‍ ആരംഭിക്കുന്ന മത്സരത്തില്‍ നിന്നും ഒഴിവാക്കിയത്. ആദ്യ മൂന്ന് ടെസ്റ്റുകളിലും കളിച്ച 30-കാരനായ ബുംറ നിലവില്‍ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനാണ്.
പരമ്പരയിലാകെ 80.5 ഓവർ പന്തെറിഞ്ഞ ബുംറയുടെ അക്കൗണ്ടില്‍ 17 വിക്കറ്റുകളാണുള്ളത്. ധര്‍മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിലും ബുംറയ്‌ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചിരുന്നു. ബുംറയ്‌ക്ക് പകരം മുകേഷ് കുമാറിനെ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹൈദരാബാദില്‍ നടന്ന രണ്ടാം ടെസ്റ്റിന് ശേഷം സ്‌ക്വാഡ് വിട്ട മുകേഷ് ഇടവേളയില്‍ ബംഗാളിനായി രഞ്‌ജിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് തിരികെ എത്തിയിരിക്കുന്നത്. ബിഹാറിനെതിരായ മത്സരത്തില്‍ 50 റൺസ് വഴങ്ങി 10 വിക്കറ്റുകളായിരുന്നു മുകേഷ് വീഴ്‌ത്തിയത്. മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചതിനാല്‍ രണ്ടാം ടെസ്റ്റില്‍ താരത്തിന് അവസരം ലഭിച്ചിരുന്നു.
ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ കെഎല്‍ രാഹുല്‍ (KL Rahul) നാലാം ടെസ്റ്റും കളിക്കില്ല. ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തിനിടെ പരിക്കേറ്റ രാഹുലിന് രണ്ടും മൂന്നും ടെസ്റ്റുകളില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഫിറ്റ്‌നസിന് വിധേയമായി ആവും രാഹുല്‍ കളിക്കുകയെന്ന് സെലക്‌ടര്‍മാര്‍ അറിയിച്ചിരുന്നു. പൂര്‍ണ ഫിറ്റ്‌നസിലേക്ക് എത്താന്‍ കഴിഞ്ഞാല്‍ അഞ്ചാം ടെസ്റ്റില്‍ താരം കളിച്ചേക്കും.