ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ (India vs England) ഇന്ത്യയ്‌ക്കായി സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah) കളിച്ചേക്കില്ല. ജോലിഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി 30-കാരനായ ജസ്‌പ്രീത് ബുംറയ്‌ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്‌കോട്ടില്‍ നിന്നും ടീമിനൊപ്പം അടുത്ത ടെസ്റ്റിനായി റാഞ്ചിയിലേക്ക് താരം യാത്രചെയ്യില്ലെന്നാണ് വിവരം.
ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജസ്‌പ്രീത് ബുംറ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയിരുന്നു. മൂന്ന് ടെസ്റ്റുകളില്‍ നിന്നും 17 വിക്കറ്റ് വീഴ്ത്തിയ താരം നിലവില്‍ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനാണ്. പേസര്‍മാരെ പിന്തുണയ്‌ക്കാതിരുന്ന വിശാഖപട്ടണത്ത് രണ്ട് ഇന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റുകള്‍ വീഴ്‌ത്തിയ ജസ്‌പ്രീത് ബുംറ മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
രാജ്‌കോട്ടില്‍ ബാറ്റുകൊണ്ട് തിളങ്ങാനും താരത്തിന് കഴിഞ്ഞു. ആദ്യ ഇന്നിങ്സില്‍ 28 പന്തുകളില്‍ 26 റണ്‍സായിരുന്നു ബുംറ നേടിയത്. റാഞ്ചിയില്‍ (Ranchi Test) ഫെബ്രുവരി 23-നാണ് നാലാം ടെസ്റ്റ് ആരംഭിക്കുക. മത്സരത്തില്‍ ബുംറ കളിക്കാതിരുന്നാല്‍ യുവപേസര്‍ മുകേഷ് കുമാറിന് പ്ലെയിങ് ഇലവനിലേക്ക് തിരികെ എത്താന്‍ കഴിയും.
റാഞ്ചിയിലെ സാഹചര്യങ്ങൾ സ്പിൻ ബോളിങ്ങിന് അനുകൂലമാണെങ്കിൽ നാല് സ്പിന്നർമാര്‍ കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. അതേസമയം മധ്യനിര ബാറ്റര്‍ കെഎല്‍ രാഹുല്‍ റാഞ്ചിയില്‍ ഇന്ത്യയ്‌ക്കായി കളിക്കാന്‍ ഇറങ്ങും. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് രാഹുലിന് രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.