ദുബായ്: ഇംഗ്ലണ്ടിനെതിരായ വിശാപട്ടം ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് പ്രീമിയം പേസര്‍ ജസ്‌പ്രീത് ബുംറയാണ് (Jasprit Bumrah). ഇതിന് പിന്നാലെ ഇതേവരെ മറ്റൊരു ഇന്ത്യന്‍ പേസര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത ചരിത്ര നേട്ടം താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഐസിസി ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമനാവുന്ന ആദ്യ ഇന്ത്യന്‍ പേസറായാണ് ജസ്‌പ്രീത് ബുംറ മാറിയത്. (Jasprit Bumrah becomes first India pacer to top ICC Test Rankings).
മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ഏറ്റവും പുതിയ റാങ്കിങ്ങില്‍ ബുംറ തലപ്പത്തേക്ക് എത്തിയത്. മൂന്നാം സ്ഥാനത്ത് എത്തിയതായിരുന്നു ഇതിന് മുന്നെയുള്ള ബുംറയുടെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്. ഐസിസി റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ ബോളറാണ് ബുംറ. ബിഷൻ സിങ് ബേദി (Bishen Singh Bedi) , ആര്‍ അശ്വിൻ (R Ashwin), രവീന്ദ്ര ജഡേജ ( Ravindra Jadeja)എന്നിവരാണ് താരത്തിന് മുന്നെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്.
വിശാഖപട്ടണം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 91 റണ്‍സിന് ഒമ്പത് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്രകടനമാണ് ബുംറയ്‌ക്ക് മുതല്‍ക്കൂട്ടായത്. പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കാതിരുന്ന പിച്ചിലായിരുന്നു 30-കാരന്‍റെ വിക്കറ്റ് വേട്ടയെന്നത് ശ്രദ്ധേയമാണ്. ഇതോടെ മത്സരത്തിലെ താരമായും ബുംറ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്ത്യയുടെ തന്നെ ആര്‍ അശ്വിനാണ് ഒന്നാം സ്ഥാനം നഷ്‌ടമായത്. 2023 മാര്‍ച്ച് മുതല്‍ ഒന്നാം സ്ഥാനത്തായിരുന്ന അശ്വിന്‍ രണ്ട് സ്ഥാനങ്ങള്‍ താഴ്‌ന്ന് മൂന്നാം റാങ്കിലേക്ക് എത്തി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് രണ്ടാമതുള്ളത്. 881 റേറ്റിങ് പോയിന്‍റാണ് ബുംറയ്‌ക്കുള്ളത്. റബാഡക്ക് 851ഉം അശ്വിന് 841ഉം ആണ് റേറ്റിങ് പോയിന്‍റ്.
വിശാഖപട്ടണം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഒരൊറ്റ വിക്കറ്റും ലഭിക്കാതിരുന്ന അശ്വിന് രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. ഒമ്പതാം റാങ്കിലുള്ള രവീന്ദ്ര ജഡേജയാണ് പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.