കൊല്‍ക്കത്ത:ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എല്‍) ചാമ്പ്യൻമാരായി മുംബൈ സിറ്റി എഫ്‌സി. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റിനെ കീഴടക്കിയാണ് മുംബൈ ഐഎസ്എൽ ചരിത്രത്തിലെ രണ്ടാം കിരീടം നേടിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് മുംബൈ കിരീടം ഉയർത്തിയത്.
പെരെയ്‌ര ഡിയസ്, ബിപിൻ സിങ്, യാകൂബ് വോയ്‌ട്‌സ് എന്നിവരാണ് മുംബൈയ്‌ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ജേസൺ കമ്മിൻസ് ആയിരുന്നു മോഹൻ ബഗാന്‍റെ ഗോള്‍ സ്കോറര്‍.
മത്സരത്തിന്‍റെ 44-ാം മിനിറ്റില്‍ ആയിരുന്നു മോഹൻ ബഗാൻ ലീഡ് പിടിക്കുന്നത്. പെട്രാറ്റോസിന്‍റെ ലോങ്റേഞ്ചര്‍ കയ്യിലൊതുക്കാൻ മുംബൈ ഗോളി ഫുര്‍ബ ലാച്ചെന്‍പെ പരാജയപ്പെട്ടപ്പോള്‍ ആ അവസരം ജേസൺ കമ്മിൻസ് മുതലെടുക്കുകയായിരുന്നു. ഫുര്‍ബയുടെ കൈയില്‍ തട്ടി വീണ പന്താണ് കമ്മിൻസ് അനായാസം മുംബൈ വലയിലേക്ക് തട്ടിയിട്ടത്.
രണ്ടാം പകുതിയില്‍ മാച്ച് ക്ലോക്കില്‍ 10 മിനിറ്റ് പിന്നിടുന്നതിന് മുന്‍പ് തന്നെ സമനില ഗോള്‍ കണ്ടെത്താൻ മുംബൈ സിറ്റിക്കായി. ബോക്‌സിനുള്ളിലേക്ക് നെഗ്വേര ഉയര്‍ത്തി നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു പെരെയ്‌ര ഡിയസ് മുംബൈയെ മത്സരത്തില്‍ ബഗാന് ഒപ്പമെത്തിച്ചത്. 81-ാം മിനിറ്റില്‍ ബിപിൻ സിങ്ങിലൂടെ മുംബൈ ലീഡും ഉയര്‍ത്തി.
ബഗാൻ ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു മുംബൈയുടെ രണ്ടാം ഗോള്‍ വന്നത്. ലാലിയന്‍സുല ചാങ്‌തെയുടെ ആദ്യ ഷോട്ട് ബഗാൻ പ്രതിരോധത്തില്‍ തട്ടി മടങ്ങിയിരുന്നു. ഈ പന്ത് നേരെയെത്തിയത് യാകൂബിന്‍റെ കാലുകളിലേക്കാണ്. യാകൂബ് നല്‍കിയ പാസില്‍ ആദ്യം നടത്തിയ ശ്രമം പാഴായെങ്കിലും രണ്ടാമത്തെ അവസരത്തില്‍ ബിപിൻ ലക്ഷ്യം കാണുകയായിരുന്നു.
പിന്നീട്, സമനില ഗോള്‍ കണ്ടെത്താൻ ബഗാന്‍റെ ശ്രമം. എന്നാല്‍, മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ മുംബൈയുടെ കിരീടനേട്ടം ഉറപ്പിച്ചുകൊണ്ട് യാകൂബ് അവരുടെ മൂന്നാം ഗോളും നേടുകയായിരുന്നു.