ന്യൂഡല്‍ഹി: അടുത്ത മാസം ഹൈദരാബാദിൽ വച്ച് നടക്കുന്ന ത്രിരാഷ്‌ട്ര ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പിനുള്ള ഇന്ത്യന്‍ താരങ്ങളെ പ്രഖ്യാപിച്ചു. സഹല്‍ അബ്‌ദുല്‍ സമദ് മാത്രമാണ് ടീമില്‍ ഇടം പിടിച്ച ഏക മലയാളി സാന്നിധ്യം. അതിനിടെ ജനുവരിയിൽ സിറിയയ്‌ക്കെതിരായ ഇന്ത്യയുടെ ഏഷ്യൻ കപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ വലത് കാൽമുട്ടിന് പരിക്കേറ്റ പ്രധാന ഡിഫൻഡർ ജിങ്കന് പരിക്കിൽ നിന്ന് മോചിതനാവാത്തതിനാല്‍ താരത്തിന് ടീമില്‍ ഇടമില്ല. മോഹൻ ബഗാൻ എസ്‌ജി റൈറ്റ് ബാക്ക് ആശിഷ് റായ്, ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ പ്രഭ്‌സുഖന്‍ സിങ് ഗിൽ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. സെപ്‌തംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെയാണ് ടൂര്‍ണമെന്‍റ്.
ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ 93-ാം സ്ഥാനത്തുള്ള സിറിയയും 179-ാം സ്ഥാനത്തുള്ള മൗറീഷ്യസുമാണ് മത്സരത്തിലെ മറ്റ് രണ്ട് ടീമുകൾ. നിലവിൽ 124-ാം സ്ഥാനത്താണ് ഇന്ത്യ. ഓഗസ്റ്റ് 31 മുതൽ ഹൈദരാബാദിൽ ഇന്ത്യന്‍ ക്യാമ്പിന് തുടക്കമാകും. ഇതിഹാസതാരം സുനിൽ ഛേത്രി വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂർണമെന്‍റാണ് ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിന്‍റെ നാലാം പതിപ്പ്. നേരത്തെ രണ്ട് തവണ ടൂർണമെന്‍റില്‍ ഇന്ത്യ ജേതാക്കളായിട്ടുണ്ട്.