ബാര്‍ബഡോസ്: ചരിത്രത്തില്‍ ഇതുവരെ മൂന്ന് പ്രാവശ്യമാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ടുള്ളത്. ആദ്യത്തേത് 1983ല്‍ ആയിരുന്നു. പിന്നീട് 2007 ലും 2011ലും ഇന്ത്യ ലോക കിരീടത്തില്‍ മുത്തമിട്ടു.
ഈ മൂന്ന് കിരീടങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയപ്പോഴും ടീമിനൊപ്പം ഒരു മലയാളി കൂടിയുണ്ടായിരുന്നു. കപില്‍ ദേവും കൂട്ടരും കപ്പുയര്‍ത്തിയ 1983ല്‍ പാതി മലയാളിയായ സുനില്‍ വാല്‍സണായിരുന്നു ടീമിനൊപ്പമുണ്ടായിരുന്നത്. ടൂര്‍ണമെന്‍റില്‍ ഒരു മത്സരത്തില്‍ പോലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.
പിന്നീട്, ഇന്ത്യ വീണ്ടുമൊരു ലോക കിരീടം നേടുന്നത് 2007ലെ ടി20 ലോകകപ്പില്‍. അന്ന് ശ്രീശാന്തായിരുന്നു ടീമിലെ മലയാളി സാന്നിധ്യം. ഇന്ത്യയ്‌ക്ക് പ്രഥമ ടി20 ലോകകപ്പ് നേടിക്കൊടുത്തത് തന്നെ പാകിസ്ഥാന്‍റെ മിസ്‌ബ ഉള്‍ ഹഖിനെ പുറത്താക്കാൻ ശ്രീശാന്ത് എടുത്ത ക്യാച്ചായിരുന്നു. 2011ല്‍ നീണ്ട 28 വര്‍ഷത്തിന് ശേഷം ഇന്ത്യ ഏകദിന ലോകകപ്പ് ഉയര്‍ത്തിയപ്പോഴും ശ്രീശാന്തായിരുന്നു ടീമിലെ മലയാളി സാന്നിധ്യം.