ഹരാരെ: സിംബാബ്‌വെക്കെതിരെ നടന്ന അവസാന ടി20യിലും ഇന്ത്യക്ക് ജയം. 42 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സ് നേടി.
58 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 18.3 ഓവറില്‍ 125-ന് ഓള്‍ ഔട്ടായി. നാല് വിക്കറ്റ് നേടിയ മുകേഷ് കുമാറിന്‍റെ ബൗളിങ് പ്രകടനമാണ് ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായത്. ഇന്ത്യയ്‌ക്കായി പന്തെറിഞ്ഞ ശിവം ദുബെയും രണ്ട് വിക്കറ്റ് സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നാല് കളിയും ജയിച്ചാണ് ശുഭ്‌മാൻ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവനിര നാട്ടിലേക്ക് മടങ്ങുന്നത്.
ബാറ്റിങ്ങ് അനികൂലമല്ലാത്ത പിച്ചില്‍ സഞ്ജുവിനൊഴികെ മറ്റാര്‍ക്കും 30-ന് അപ്പുറം റണ്‍ നേടാന്‍ സാധിച്ചില്ല. യശസ്വി ജയ്‌സ്വാള്‍ (12), അഭിഷേക് ശര്‍മ (14), ശുഭ്‌മാന്‍ ഗില്‍ (13) എന്നിവര്‍ ഇന്ത്യ 40 റണ്‍സ് കടക്കും മുമ്പേ പുറത്തായി. സഞ്ജു സാംസണ്‍ -റിയാന്‍ പരാഗ് സഖ്യമാണ് ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിലേക്ക് 65 റണ്‍സ് ചേര്‍ത്തത്.
15-ാം ഓവറില്‍ റിയാന്‍ പരാഗ് ഔട്ടായി. 18-ാം ഓവറിലാണ് സഞ്ജു പുറത്താകുന്നത്. നാല് സിക്‌സും ഒരു ഫോറും അടക്കം 58 റണ്‍സാണ് സഞ്ജു സാംസണ്‍ ഇന്ത്യക്ക് വേണ്ടി നേടിയത്. ടി20 കരിയറില്‍ സഞ്ജുവിന്‍റെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്.
Also Read :ക്യാപ്‌റ്റൻ മിന്നു മണി, സജന സജീവനും ടീമില്‍; ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു