മുംബൈ :ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ (Virat Kohli) മടങ്ങി വരവ് വൈകിയേക്കുമെന്ന് സൂചന. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങളില്‍ ടീം ഇന്ത്യയ്‌ക്കായി താരം കളിച്ചേക്കില്ലെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, മൂന്നാം മത്സരം താരം കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.
നിലവില്‍ വിരാട് കോലി വിദേശത്താണെന്നാണ് ക്രിക്‌ബസ് (Cricbuzz) റിപ്പോര്‍ട്ട്. ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം ആരംഭിക്കുന്നത്. ഇതിന് മുന്‍പ് താരം നാട്ടിലേക്ക് തിരികെയെത്തുമോ എന്ന കാര്യത്തിലും നിലവില്‍ വ്യക്തതയില്ലെന്നാണ് ക്രിക്‌ബസ് റിപ്പോര്‍ട്ട് (Cricbuzz Report On Virat Kohli Return).
ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരാട് കോലി പിന്മാറിയതോടെ പകരക്കാരനായി രജത് പടിദാറിനെ (Rajat Patidar) ഇന്ത്യന്‍ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പടിദാറിന് പ്ലെയിങ് ഇലവനിലേക്ക് അവസരം ലഭിച്ചിരുന്നില്ല. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കെഎല്‍ രാഹുലായിരുന്നു (KL Rahul) വിരാട് കോലിയുടെ നാലാം നമ്പറില്‍ കളിക്കാനിറങ്ങിയത്.
ഹൈദരാബാദിലെ ആദ്യമത്സരത്തിന് പിന്നാലെ രാഹുലും പരിക്കേറ്റ് പുറത്തായിരുന്നു. ഇതോടെ, രണ്ടാം മത്സരത്തില്‍ രജത് പടിദാറിന് ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം ഒരുങ്ങുകയും ചെയ്‌തു. നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 0-1ന് പിന്നിലാണ് ഇന്ത്യ. ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 റണ്‍സിന്‍റെ തോല്‍വിയാണ് ടീം ഇന്ത്യ വഴങ്ങിയത്.