കേരളം

kerala

ETV Bharat / sports

ലക്ഷ്യം 'റണ്‍മല', പ്രതീക്ഷ ജയ്‌സ്വാളില്‍; വിശാഖപട്ടണത്ത് ഇന്ന് രണ്ടാം ദിനം - Yashasvi Jaiswal Ind vs Eng Test

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്‌റ്റ് മത്സരം, വിശാഖപട്ടണത്ത് ഒന്നാം ഇന്നിങ്‌സില്‍ വമ്പന്‍ സ്കോര്‍ ലക്ഷ്യമിട്ട് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിക്കും.

India vs England  Vizag Test Day 2 Preview  Yashasvi Jaiswal Ind vs Eng Test  ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്
India vs England Vizag Test Day 2 Preview

By ETV Bharat Kerala Team

Published : Feb 3, 2024, 8:08 AM IST

വിശാഖപട്ടണം:ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റിന്‍റെ രണ്ടാം ദിവസം ഒന്നാം ഇന്നിങ്‌സ് സ്കോര്‍ 400 കടത്താന്‍ ടീം ഇന്ത്യ (India vs England Vizag Test Day 2). ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 336 റണ്‍സ് എന്ന നിലയിലാണ് ആദ്യ ദിവസം ഇന്ത്യ കളിയവസാനിപ്പിച്ചത് (India vs England 2nd Test Day 1 Score). 179 റണ്‍സുമായി ക്രീസിലുള്ള യശസ്വി ജയ്‌സ്വാളിലാണ് (Yashasvi Jaiswal) ഇന്നും ടീമിന്‍റെ പ്രതീക്ഷ.

അഞ്ച് റണ്‍സുമായി ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിനാണ് (Ravichandran Ashwin) ജയ്‌സ്വാളിനൊപ്പം ക്രീസിലുള്ളത്. ആദ്യ ദിവസത്തെ മൂന്നാം സെഷനില്‍ അനാവശ്യ ഷോട്ടുകള്‍ കളിച്ച് ബാറ്റര്‍മാര്‍ വിക്കറ്റ് തുലച്ചത് ടീമിന് തിരിച്ചടിയാണ്. അക്‌സര്‍ പട്ടേല്‍ (27), കെഎസ് ഭരത് (17) എന്നിവരാണ് അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് വിക്കറ്റ് നഷ്‌ടപ്പെടുകത്തിയത്.

ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് വേണ്ടി യശസ്വി ജയ്‌സ്വാള്‍ മാത്രമായിരുന്നു പിടിച്ചുനിന്നത്. നായകന്‍ രോഹിത് ശര്‍മ 41 പന്തില്‍ 14 റണ്‍സ് നേടിയാണ് പുറത്തായത്. ആദ്യ വിക്കറ്റില്‍ രോഹിത് ജയ്‌സ്വാള്‍ സഖ്യത്തിന് 40 റണ്‍സായിരുന്നു കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

അരങ്ങേറ്റക്കാരന്‍ രേഹന്‍ അഹമ്മദായിരുന്നു രോഹിതിന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്. പിന്നാലെയെത്തിയ ശുഭ്‌മാന്‍ ഗില്ലിനും മികവിലേക്ക് ഉയരാന്‍ സാധിച്ചില്ല. 46 പന്തില്‍ 34 റണ്‍സടിച്ച ഗില്ലിനെ ജെയിംസ് ആന്‍ഡേഴ്‌സണാണ് വീഴ്‌ത്തിയത്.

നാലാം നമ്പറില്‍ ശ്രേയസ് അയ്യറായിരുന്നു ഇന്നലെ ക്രീസിലേക്ക് എത്തിയത്. ജയ്‌സ്വാളിനൊപ്പം മൂന്നാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്തായിരുന്നു ശ്രേയസ് മടങ്ങിയത്. 59 പന്തില്‍ 27 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

അരങ്ങേറ്റക്കാരന്‍ രജത് പടിദാറും ജയ്‌സ്വാളിന് ഭേദപ്പെട്ട പിന്തുണ നല്‍കി. 72 പന്തില്‍ 32 റണ്‍സ് നേടിയാണ് പടിദാര്‍ പുറത്തായത്. രേഹന്‍ അഹമ്മദിനായിരുന്നു വിക്കറ്റ്.

പിന്നീടെത്തിയ അക്‌സര്‍ പട്ടേലും കെഎസ് ഭരതും ആറ് ഓവറുകളുടെ വ്യത്യാസത്തിലാണ് പുറത്തായത്. ഷൊയ്‌ബ് ബഷീറും രേഹന്‍ അഹമ്മദും ചേര്‍ന്നായിരുന്നു ഇരുവരുടെയും വിക്കറ്റുകള്‍ നേടിയത്.

എട്ടാമനായി ക്രീസിലെത്തിയ അശ്വിന്‍ 10 പന്ത് നേരിട്ടാണ് അഞ്ച് റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നത്. ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് ബാക്കിയുള്ളത്.

Also Read :'പുറത്ത് ഒരാളുണ്ട്, ആ കാര്യം ആരും മറക്കരുത്'; ശുഭ്‌മാന്‍ ഗില്ലിന് രവി ശാസ്‌ത്രിയുടെ 'വാര്‍ണിങ്'

ABOUT THE AUTHOR

...view details