കണ്ണൂര്‍ : ഇരുമ്പു ചട്ടിയില്‍ നിന്നും പൊരിഞ്ഞ് മലരുന്ന എണ്ണക്കടികളാണ് പെരളശ്ശേരി കെഎസ്‌ഇബി ഓഫിസിന് മുന്നിലെ മുസ്‌തഫ തട്ടുകടയെ വേറിട്ട് നിര്‍ത്തുന്നത്. തുച്ഛമായ വിലയാണ് ഇവിടെ പാകം ചെയ്യുന്ന പലഹാരത്തിനുള്ളത്. പരിപ്പുവട, പഴംപൊരി, ഉഴുന്നുവട, ഉന്നക്കായ, മുളകുബജി, ബോണ്ട, മുട്ട ബജി എന്നിവ വെറും അഞ്ചു രൂപക്കാണ് വില്‍ക്കുന്നത്.
മറ്റു കടകളില്‍ പന്ത്രണ്ട് രൂപയെടുക്കുന്ന ഈ പലഹാരങ്ങള്‍ക്ക് തുച്ഛമായ വിലക്ക് നല്‍കുന്നത് സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയാണെന്ന് ഉടമ നാസര്‍ പറയുന്നു. ചായ കുടിക്കാന്‍ വരുന്നവര്‍ വീട്ടിലേക്കുളള പലഹാര പൊതിയുമായാണ് മടങ്ങുക. വൃത്തിയും സുരക്ഷിതവുമായ ചേരുവകളോടും കൂടിയാണ് ഇവിടെ പലഹാരങ്ങള്‍ തയാറാക്കുന്നത്.
നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് വെറും 20 രൂപക്ക് എണ്ണക്കടികള്‍ കൊണ്ടു പോകാം. പരിപ്പുവട, പഴംപൊരി, ബോണ്ട, മുട്ടബജി എന്നിവയ്ക്കാണ് പ്രിയര്‍ ഏറേയും. കണ്ണൂരിന്‍റെ സ്വന്തം കോഴിക്കാലും കിഴങ്ങു പൊരിയും ഒപ്പത്തിനുണ്ട്. എല്ലാ പലഹാരങ്ങളും ആവശ്യക്കാര്‍ കണ്ടു നില്‍ക്കേ പാകപ്പെടുത്തുന്നതാണ് മുസ്‌തഫ തട്ടുകടയിലെ രീതി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പത്തൊമ്പത് വര്‍ഷം പ്രവാസ ജീവിതം നയിച്ച എം നാസര്‍ മൂന്ന് മാസം മുമ്പാണ് പെരളശ്ശേരിയിലെ ചായക്കട തുറന്നത്. രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് എട്ട് വരെ കട പ്രവര്‍ത്തിക്കും. മധ്യവയസ്‌കരുടെ ഇഷ്‌ടവിഭവമായ ഉണ്ടക്കായയാണ് രാവിലെ തന്നെ തയ്യാറാക്കുന്നത്. ചീനച്ചട്ടിയില്‍ വെന്തു പൊരിയുമ്പോഴേക്കും ഉണ്ടക്കായുടെ ആവശ്യക്കാരെത്തും.
അടുത്തതായി റൊട്ടി പൊരിച്ചതാണ്. മസാലയില്‍ മുക്കി പൊരിച്ച് ചില്ലലമാരയില്‍ അടുക്കും മുമ്പ് തന്നെ ആവശ്യക്കാരെത്തും. പിന്നെ സമോസ, മുട്ടബജി, മുളകുബജി ഇങ്ങനെ അഞ്ച് കടികള്‍ ഉച്ചയാകുമ്പോഴേക്കും റെഡിയാകും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പഴംപൊരിയും ബോണ്ടയുമൊക്കെ തയാറാക്കും. ഇതെല്ലാം നാലുമണി പലഹാരത്തിനായി ഒരുങ്ങും.
വ്യത്യസ്‌ത താത്പര്യക്കാരുടെ രുചി അനുസരിച്ചാണ് ഓരോന്നുമുണ്ടാക്കുന്നത്. മൂന്ന് മാസം കൊണ്ടു തന്നെ ഈ പ്രദേശത്തെ ജനങ്ങളുടെയും ഇതിലൂടെ കടന്നു പോകുന്നവരുടെയും താത്പര്യം നാസര്‍ മനസിലാക്കി കഴിഞ്ഞു. ചായകുടിച്ചു കൊണ്ട് നാട്ടുവര്‍ത്തമാനം പറയാനും നാസറിന്‍റെ തട്ടുകടയില്‍ അവസരമുണ്ട്. അതിനായി തട്ടുകടക്ക് ഇരുവശവും ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.
മധ്യവയസ്‌കരും പുതുതലമുറയുമൊക്കെ നാസറിന്‍റെ ചായക്കടയിലെത്തുന്നത് പതിവാണ്. പോക്കറ്റ് കാലിയാകാതെ പത്ത് രൂപക്ക് ചായയും അഞ്ച് രൂപക്ക് പലഹാരവും കഴിക്കാം എന്നതിനാല്‍ ഈ തട്ടുകട ശ്രദ്ധേയമായി തുടങ്ങി. മുസ്‌തഫ തട്ടുകടയില്‍ നാസറിനൊപ്പം സഹായിയായി നസ്‌തക്കറും ഒപ്പമുണ്ട്. പലഹാരങ്ങള്‍ തയാറാക്കാനുള്ള എണ്ണ മുതല്‍ ചേരുവകള്‍ക്കു വരെ വിലകൂടിയെങ്കിലും അഞ്ച് രൂപക്ക് എണ്ണക്കടി നല്‍കാന്‍ തന്നെയാണ് നാസറിന്‍റെ തീരുമാനം.
Also Read: മൊരിഞ്ഞ കോഴിക്കാല്‍, സ്‌പൈസി കിഴങ്ങുപൊരി, മധുരം മനോഹരം പഴംപൊരി; രുചി വിളമ്പി 'സൗഹൃദം'