കണ്ണൂർ: മൂന്നു ദിവസങ്ങളിലായി തളിപ്പറമ്പിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാവും. രാവിലെ ക്രെഡഷ്യൽ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളെയും ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കേണ്ട പ്രതിനിധികളെയും തെരഞ്ഞെടുക്കും.
തുടർന്ന് ഉച്ചയ്ക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന വളണ്ടിയർ മാർച്ച് ആരംഭിക്കും.
കാക്കത്തോട്, ചിറവക്ക് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് വളണ്ടിയർ മാർച്ച് തുടങ്ങുക. നഗരം ചുറ്റി പൊതുസമ്മേളന നഗരിയായ ഉണ്ടപ്പറമ്പിൽ സമാപിക്കും. ഗതാഗതക്കുരു ഒഴിവാക്കാൻ ബഹുജനപ്രകടനം ഉണ്ടാകില്ല. സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രവർത്തകരും അനുഭാവികളും മറ്റു പൊതുജനങ്ങളും ഉണ്ടപ്പറമ്പിൽ എത്തിച്ചേരണമെന്നാണ് പാർട്ടിയുടെ നിർദേശം. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
എംവി ജയരാജൻ തന്നെ തുടര്‍ന്നേക്കും
സിപിഎമ്മിന്‍റെ പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിങ്കളാഴ്‌ച തെരഞ്ഞെടുക്കും. നിലവിലെ സെക്രട്ടറി എംവി ജയരാജൻ സെക്രട്ടറി സ്ഥാനത്ത് തുടരാൻ തന്നെയാണ് സാധ്യത. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിച്ചാൽ സെക്രട്ടറി സ്ഥാനത്തേക്ക് പുതുമുഖം എത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവിലെ സാഹചര്യത്തിൽ ഇതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ. 2019 ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എംവി ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സെക്രട്ടറിയായിരുന്ന പി ജയരാജൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായിരുന്നു.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി ജയരാജന് സ്ഥാനം പിന്നീട് തിരിച്ചു നൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും എംവി ജയരാജൻ സെക്രട്ടറി സ്ഥാനത്തേക്ക് തുടരാൻ തീരുമാനിച്ചു. ഇത്തവണ അദ്ദേഹം മാറിയാൽ യുവനേതാക്കകളിൽ ആരെങ്കിലും ഒരാൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാന സമിതി അംഗവുമായ കെകെ രാജേഷ് അല്ലെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എംവി ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടിവി രാജേഷ് എന്നിവരുടെ പേരുകളാണ് കാര്യമായി പരിഗണിക്കാൻ സാധ്യത.
പയ്യന്നൂർ മേഖലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാജേഷിന്‍റെ സാധ്യതയെ ബാധിച്ചേക്കും. 50 അംഗ ജില്ലാ കമ്മിറ്റിയിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും കാര്യമായ പരിഗണന കിട്ടുമെന്നാണ് സൂചന.
ചർച്ചകളിൽ നിറഞ്ഞു പിപി ദിവ്യയും, പി ജയരാജനും മനു തോമസും
സമ്മേളനത്തിൽ ഉയർന്ന പ്രധാന വിമർശനങ്ങളിൽ പിപി ദിവ്യയും മനു തോമസും പി ജയരാജനും നിറഞ്ഞു നിന്നു. മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിനിടയാക്കിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പിപി ദിവ്യയുടെ പ്രസംഗം ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ തുറന്നു സമ്മതിച്ചു.
കണ്ണൂർ ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിൽ ദിവ്യയ്‌ക്കെതിരെ പാർട്ടി സ്വീകരിച്ച നടപടിയിൽ വിമർശനം ഉണ്ടായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴായിരുന്നു ജയരാജന്‍റെ പരാമർശം. പിന്നീട് തിരുത്തി പറഞ്ഞെങ്കിലും പൊതുവേദിയിൽ ദിവ്യയെ ആദ്യമായാണ് സിപിഎം പൂർണമായും തള്ളിപ്പറഞ്ഞത്.
ഇതോടൊപ്പം പരസ്യമായി പ്രതിസ്ഥാനത്ത് നിർത്തുകയും ചെയ്‌തു. ദിവ്യക്കെതിരെയായ നടപടി സ്വാഭാവികമായും ചർച്ചയിൽ വരുമല്ലോ എന്ന് ജയരാജൻ പറഞ്ഞു. തങ്ങൾ എടുത്ത നിലപാട് ശരിയാണ് ദിവ്യയുടെ പേരിൽ എപ്പോഴാണോ ആക്ഷേപം ഉയർന്നത് അന്നുതന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ഒഴിവാക്കി. എം ജയരാജൻ തെറ്റു ചെയ്‌താലും നടപടിയെടുക്കും.
സിപിഎമ്മിനെ മറയാക്കി ചിലർ മുതലെടുപ്പ് നടത്തുന്നു എന്നതായിരുന്നു മറ്റൊരു വിഷയം. ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രവർത്തന റിപ്പോർട്ടിൻമേലുള്ള പൊതു ചർച്ചയിൽ ആണ് പ്രതിനിധികളുടെ വിമർശനം ഉണ്ടായത്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് പാർട്ടിക്കെതിരെ ആരോപണം ഉന്നയിച്ചു പുറത്തുപോയ വിഷയത്തിൽ പി ജയരാജനെതിരെയും വിമർശനം ഉയർന്നു.
ജില്ലാ കമ്മിറ്റിയിൽ നിന്ന് രാജിവയ്ക്കുന്നതിനു മുന്നേ മനു തോമസിനെ പുറത്താക്കണമായിരുന്നു. ഇക്കാര്യത്തിൽ പാർട്ടിക്ക് വീഴ്‌ച പറ്റി. മനു തോമസ് കടുത്ത സംഘടന വിരുദ്ധ പ്രവർത്തനം നടത്തി. ഇത് കണ്ടെത്തിയിട്ടും നടപടി വൈകി. കൂടാതെ മനു തോമസിനെതിരെയുള്ള പി ജയരാജന്‍റെ പ്രസ്‌താവന അനവസരത്തിലായിരുന്നു.
മാത്രമല്ല ജയരാജന്‍റെ പ്രസ്‌താവന ഏറ്റെടുത്തത് ക്വട്ടേഷൻ സംഘങ്ങളും പാർട്ടിയിൽ നിന്നും പുറത്താക്കിയവരുമാണ് എന്നും സാമൂഹ്യ മാധ്യമങ്ങളിൽ പി ജയരാജന്‍റെ സ്‌തുതി പാഠകരായി പ്രത്യക്ഷപ്പെട്ട ഇവർ സ്വർണ്ണ കള്ളക്കടത്തിലേക്കും ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞവരായിരുന്നു. ഇവരെ പരസ്യമായി തള്ളി പറയാൻ കഴിയാത്തത് വലിയ വീഴ്‌ചയായിരുന്നു. ഇത്തരം സംഭവങ്ങളിൽ പൊതുസമൂഹത്തിൽ പാർട്ടി കവതി ഉണ്ടാക്കിയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി
Read Also: പിണറായിയുടെ വിശ്വസ്‌തന്‍ പടിയിറങ്ങി, പകരം റിയാസിന്‍റെ വിശ്വസ്‌തന്‍; എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി