കോഴിക്കോട്: മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റയിലാണ് സംഭവം. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് പീഡനത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. ഇന്നലെ (ഫെബ്രുവരി 2) രാത്രി 11.30 ഓടെയാണ് സംഭവം.
ഹോട്ടലിനോട് ചേർന്ന് വാടക കെട്ടിടത്തിൻ്റെ മുകളിലെ നിലയിലാണ് ഇവർ താമസിച്ചിരുന്നത്. അർധരാത്രി ഹോട്ടല്‍ ഉടമസ്ഥനും രണ്ട് ജീവനക്കാരും കെട്ടിടത്തിന് മുകളിൽ എത്തി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ താഴേക്ക് എടുത്തുചാടി എന്നാണ് യുവതി മുക്കം പൊലീസിന് നല്‍കിയ മൊഴി. വീഴ്‌ചയില്‍ നട്ടെല്ലിന് പരിക്കേറ്റ യുവതിയെ ആദ്യം മണാശേരിയിലെ സ്വകാര്യ ആശുപത്രിയിലും അതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തില്‍ ഹോട്ടൽ ഉടമയ്‌ക്കും, ജീവനക്കാരായ രണ്ട് പേർക്കുമെതിരെ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിക്രമിച്ച് കടക്കലിനും ലൈംഗികാതിക്രമത്തിനും മാനഹാനി ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.