ന്യൂഡൽഹി: ഡല്‍ഹി നിയമഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി തകര്‍ന്നടിഞ്ഞെങ്കിലും കൽക്കാജി മണ്ഡലം നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയായിരുന്ന അതിഷിയ്‌ക്ക് കഴിഞ്ഞിരുന്നു. വിജയം പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്‌ത് ആഘോഷിക്കുന്ന അതിഷിയുടെ നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതിന് പിന്നാലെ അതിഷിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഎപിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ.
അതിഷിയുടേത് 'നാണം കെട്ട പ്രകടനം' എന്നാണ് സ്വാതി വിശേഷിപ്പിച്ചിരിക്കുന്നത്. 'എന്തൊരു നാണം കെട്ട ആഘോഷമാണിത്?. പാർട്ടി പരാജയപ്പെട്ടു, മുതിർന്ന നേതാക്കളെല്ലാം തോറ്റു, അതിഷി മർലേന ഇങ്ങനെ ആഘോഷിക്കുന്നു' - സോഷ്യല്‍ മീഡിയ മാധ്യമമായ എക്‌സില്‍ സ്വാതി കുറിച്ചു. ഒരു വാഹനത്തിന് മുകളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം അതിഷി നൃത്തം ചെയ്യുന്ന വീഡിയോയും സ്വാതി പങ്കുവച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം കൽക്കാജിയില്‍ കനത്ത പോരാട്ടത്തിന് ഒടുവില്‍ ബിജെപിയുടെ രമേശ് ബിധൂരിയെ 3,521 വോട്ടുകള്‍ക്കാണ് അതിഷി തോല്‍പ്പിച്ചത്. 2020 -ലെ ഭൂരിപക്ഷത്തില്‍ 11,393 വോട്ടുകളാണ് അതിഷിയ്‌ക്ക് കുറഞ്ഞുവെന്നത് ശ്രദ്ധേയം. വിജയത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഇതു ആഘോഷിക്കാനുള്ള സമയമല്ലെന്ന് അതിഷി പറഞ്ഞിരുന്നു.
"എന്നിൽ വിശ്വാസം പ്രകടിപ്പിച്ചതിന് കൽക്കാജിയിലെ ജനങ്ങൾക്ക് നന്ദി പറയുന്നു. 'ബാഹുബലി'നെതിരെ പ്രവർത്തിച്ച എന്‍റെ ടീമിനെ അഭിനന്ദിക്കുന്നു. ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു. ഞാൻ വിജയിച്ചു, പക്ഷേ ആഘോഷിക്കാനുള്ള സമയമല്ലിത്. ബിജെപിയുടെ സ്വേച്ഛാധിപത്യത്തിനും ഗുണ്ടായിസത്തിനുമെതിരായ 'യുദ്ധം' തുടരാനുള്ള സമയമാണ്"- എന്നായിരുന്നു അതിഷിയുടെ വാക്കുകള്‍.
ALSO READ: ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിച്ച പൊലീസുകാരന് എട്ടിന്‍റെ പണി; സർവീസ് ചട്ടം ലംഘിച്ചതിന് കടുത്ത നടപടി
അതേസമയം തെരഞ്ഞെടുപ്പില്‍ എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, സൗരഭ് ഭരദ്വാജ്, സോമനാഥ് ഭാരതി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് അടിതെറ്റിയിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 70 സീറ്റുകളില്‍ 22 എണ്ണം മാത്രമാണ് എഎപിക്ക് നേടാന്‍ കഴിഞ്ഞത്. ബിജെപി 48 സീറ്റുകള്‍ സ്വന്തമാക്കി. ഇതോടെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ഉറപ്പിക്കാന്‍ അവര്‍ക്കായി. എഎപിക്ക് ഭരണം നഷ്‌ടപ്പെട്ടതോടെ അതിഷി ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കുകയും ചെയ്‌തു.