പെർത്ത് (ഓസ്‌ട്രേലിയ): ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ് പ്രതീക്ഷ. ആദ്യ ഇന്നിങ്സിൽ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ 150 റൺസെടുത്താണ് പുറത്തായത്. മറുപടി ബാറ്റിങ്ങില്‍ ഇറങ്ങിയ ഓസീസ് പട ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പതറി വീണു. ഒന്നാം ദിവസം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 67 റൺസെന്ന നിലയിലാണ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറിന് ഒപ്പമെത്താൻ ഓസീസിന് ഇനി 83 റൺസ് കൂടി വേണം.
ഇന്ത്യയ്ക്കായി നായകന്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയയെ വെള്ളം കുടിപ്പിച്ചു. ഓപ്പണർ നഥാൻ മക്‌സ്വീനിയെ എൽബിഡബ്ല്യുയിലൂടെ പുറത്താക്കി ആദ്യ വിക്കറ്റ് താരം സ്വന്തമാക്കി. പിന്നാലെ ഏഴാം ഓവറിലെ നാലാം പന്തിൽ കോലിയുടെ സ്ലിപ്പിൽ ഉസ്‌മാൻ ഖ്വാജയെയും ബുംറ പിടികൂടി.
അടുത്ത പന്തിൽ തന്നെ പരിചയസമ്പന്നനായ സ്റ്റീവ് സ്മിത്തിനെ ഗോൾഡൻ ഡക്കിന് പുറത്താക്കി ബുംറ ഓസ്‌ട്രേലിയയുടെ സ്‌കോർ 8 ഓവറിൽ 19/3 എന്നാക്കി. ബുംറയുടെ തകർപ്പൻ പന്തുകൾക്ക് കംഗാരുക്കൾക്ക് മറുപടിയില്ലായിരുന്നു. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ കമ്മിൻസിനെ 3 റൺസിന് പുറത്താക്കി താരം കളിയിലെ തന്‍റെ നാലാമത്തെ വിക്കറ്റും വീഴ്‌ത്തി. ബുംറയെ കൂടാതെ മുഹമ്മദ് സിറാജ് രണ്ടും ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി.
ഓസ്‌ട്രേലിയയും കടുത്ത ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. നിലവില്‍ 19 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്ന അലക്‌സസ് ക്യാരിയാണ് ടോപ് സ്കോറർ. ഉസ്മാൻ ഖ്വാജ (എട്ട്), നഥാൻ മക്സ്വീനി (10), മാർനസ് ലബുഷെയ്ൻ (2), സ്റ്റീവ് സ്‌മിത്ത് (0), ട്രാവിസ് ഹെഡ് (11), മിച്ചൽ മാർഷ് (6), പാറ്റ് കമ്മിൻസ് (3) എന്നിങ്ങനെയാണ് ഓസ്ട്രേലിയൻ നിരയിലെ സ്കോറുകൾ.