അത്ലറ്റിക്സ് പുരുഷ വിഭാഗത്തില്‍ 2024 പാരീസ് ഒളിമ്പിക്സില്‍ 23 ഇനങ്ങളിലാണ് മത്സരം നടക്കുക. വനിതാ വിഭാഗം അത്ലറ്റിക്സിലും 23 ഇനങ്ങളില്‍ മത്സരമുണ്ട്. മിക്സഡ് വിഭാഗത്തില്‍ 2 മത്സരങ്ങളും നടക്കും.
വ്യക്തിഗത ഇനങ്ങളില്‍ ഓരോ രാജ്യത്തിനും യോഗ്യതാ മാര്‍ക്ക് പിന്നിട്ട 3 താരങ്ങളെ വീതം മത്സരിപ്പിക്കാം. യോഗ്യത നേടിയ മൂന്നിലേറെ താരങ്ങളുണ്ടെങ്കില്‍ മത്സരത്തിന് ആരെ അയക്കണമെന്ന് അതത് രാജ്യത്തിന്റെ ഒളിമ്പിക് കമ്മിറ്റിക്ക് തീരുമാനിക്കാം. ടീം ഇനങ്ങളിലും പരമാവധി ഒരു രാജ്യത്തിന് യോഗ്യത നേടിയ രണ്ട് ടീമുകളെ വരെ അയക്കാം. റിലേ ഇനങ്ങള്‍ക്ക് ഓരോ രാജ്യത്തിനും ഓരോ ടീമിനെ മാത്രമേ അനുവദിക്കൂ. അത്ലറ്റിക്സ് ഇനങ്ങളില്‍ ആകെ 1810 താരങ്ങള്‍ക്കാണ് മത്സരിക്കാനുള്ള അനുമതി ലഭിക്കുക.
നൂറു മീറ്ററില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ 56 താരങ്ങള്‍ക്ക് വീതം മത്സരിക്കാം. 200 മീറ്ററിലും 400 മീറ്ററിലും 800 മീറ്ററിലും 48 പേര്‍ക്ക് വീതം അവസരം ലഭിക്കും. 1500 മീറ്ററില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ 45 വീതം പേര്‍ക്കും 5000 മീറ്ററില്‍ 42 പേര്‍ക്ക് വീതവും മത്സരിക്കാം. 10000 മീറ്ററില്‍ 27 പേര്‍ക്കാണ് അവസരം.
100 മീറ്റര്‍ ,110 മീറ്റര്‍ ഹര്‍ഡില്‍സ്, 400 മീറ്റര്‍ ഹര്‍ഡില്‍സ് ഇനങ്ങളില്‍ 40 വീതം അത്ലറ്റുകള്‍ക്ക് യോഗ്യത ക്വാട്ടയില്‍ മത്സരിക്കാം. സ്റ്റീപ്പിള്‍ ചേസില്‍ 36 പേര്‍ക്ക് വീതം അവസരം ലഭിക്കും. ഹൈ ജമ്പ്, ലോങ് ജമ്പ്, ട്രിപ്പിള്‍ ജമ്പ്, പോള്‍വോള്‍ട്ട്, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ, ഹാമര്‍ ത്രോ ,ജാവലിന്‍ ത്രോ എന്നീ ഇനങ്ങളില്‍ 32 വീതം താരങ്ങള്‍ക്ക് മത്സരിക്കാം. ഡെക്കാത്ലണ്‍, ഹെപ്റ്റാത്ലണ് ഇനങ്ങളില്‍ 24 പേര്‍ക്കാണ് ക്വാട്ട ലഭിക്കുക. 20 കിലോമീറ്റര്‍ മത്സര നടത്തത്തില്‍ 48 പേര്‍ക്കും മാരത്തോണില്‍ 80 പേര്‍ക്ക് വീതവും ക്വാട്ട ലഭിക്കും. 4 x 400 മിക്സഡ് റിലേക്ക് 16 ടീമുകള്‍ക്കും മിക്സഡ് റിലേ മാരത്തോണ്‍ മത്സര നടത്തത്തിന് 25 ടീമുകള്‍ക്കും അവസരം ലഭിക്കും.
യോഗ്യത നിശ്ചയിക്കുന്നതിനും ലോക അത്ലറ്റിക്സ് കൗണ്‍സിലിന് ചില മാനദണ്ഡങ്ങളുണ്ട്. നവംബര്‍ 2022 ലാണ് ഈ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.
പുരുഷന്മാര് | ഇനം | സ്ത്രീകള്‍ |
10.00 സെക്കന്‍ഡ് | 100 മീറ്റര്‍ | 11.07 സെക്കന്‍ഡ് |
20.16 സെക്കന്‍ഡ് | 200 മീറ്റര്‍ | 22.57 സെക്കന്‍ഡ് |
45.00 സെക്കന്‍ഡ് | 400 മീറ്റര്‍ | 50.95 സെക്കന്‍ഡ് |
1:44.70 | 800 മീറ്റര്‍ | 1:59.30 |
3:33.50 (3:50.40) | 1500 മീറ്റര്‍ | 4:02.50 (4:20.90) |
13:05.00 | 5000 മീറ്റര്‍ | 14:52.00 |
27:00.00 | 10,000 മീറ്റര്‍ | 30:40.00 |
13.27 സെക്കന്‍ഡ് | 110 / 100 മീറ്റര്‍ ഹര്‍ഡില്‍സ് | 12.77 സെക്കന്‍ഡ് |
48.70 സെക്കന്‍ഡ് | 400 മീറ്റര്‍ ഹര്‍ഡില്‍സ് | 54.85 സെക്കന്‍ഡ് |
8:15.00 | 3000മീറ്റര്‍ സ്റ്റിപ്പിള്‍ചേസ് | 9:23.00 |
2.33 മീറ്റര്‍ | ഹൈ ജമ്പ് | 1.97 മീറ്റര്‍ |
5.82 മീറ്റര്‍ | പോള്‍വാള്‍ട്ട് | 4.73 മീറ്റര്‍ |
8.27 മീറ്റര്‍ | ലോങ് ജമ്പ് | 6.86 മീറ്റര്‍ |
17.22 മീറ്റര്‍ | ട്രിപ്പിള്‍ ജമ്പ് | 14.55 മീറ്റര്‍ |
21.50 മീറ്റര്‍ | ഷോട്ട് പുട്ട് | 18.80 മീറ്റര്‍ |
67.20 മീറ്റര്‍ | ഡിസ്കസ് ത്രോ | 64.50 മീറ്റര്‍ |
78.20 മീറ്റര്‍ | ഹാമര്‍ ത്രോ | 74.00 മീറ്റര്‍ |
85.50 മീറ്റര്‍ | ജാവലിന്‍ ത്രോ | 64.00 മീറ്റര്‍ |
8,460 പോയിന്റ് | ഡെക്കാത്ലണ്‍/ഹെപ്റ്റാത്ലണ് | 6,480 പോയിന്റ് |
1:20:10 | 20 കിലോമീറ്റര്‍ നടത്തം | 1:29:20 |
2:08:10 | മാരത്തോണ്‍ | 2:26:50 |
ഇത്തരത്തില്‍ യോഗ്യതാ മാര്‍ക്ക് കൈവരിച്ചെത്തുന്ന 50 ശതമാനം താരങ്ങള്‍ക്ക് ഒളിമ്പിക്സിൽ നേരിട്ട് മത്സരിക്കാം. അവശേഷിക്കുന്ന 50 ശതമാനം ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ റാങ്കിനെ ആധാരമാക്കിയാണ് പ്രവേശനം. 10000 മീറ്റര്‍, മത്സര നടത്തം, റിലേ എന്നിവയൊഴികെയുള്ള ഇനങ്ങളില്‍ 2023 ജൂലൈ 1 നും 2024 ജൂണ്‍ 30 നുമകം യോഗ്യത കൈവരിക്കണമെന്നാണ് ചട്ടം.
10000 മീറ്റര്‍, മത്സര നടത്തം, റിലേ എന്നിവയ്ക്ക് 2022 ഡിസംബര്‍ 31 നും 2024 ജൂണ്‍ 30 നുമകം യോഗ്യത നേടണം. മാരത്തോണിന് 2022 നവംബര്‍ 6 നും 2024 മേയ് 5 നുമകം യോഗ്യത കൈവരിച്ചിരിക്കണം. ലോക അത്ലറ്റിക്സ് അസോസിയേഷനോ അതില്‍ അഫിലിയേറ്റ് ചെയ്ത ദേശീയ ഫെഡറേഷനുകളോ മേഖലാ അസോസിയേഷനുകളോ സംഘടിപ്പിക്കുന്ന മത്സരങ്ങളിലെ പ്രകടനങ്ങള്‍ മാത്രമേ യോഗ്യതാ മാര്‍ക്കിന് പരിഗണിക്കൂ.