ന്യൂഡൽഹി: സെലക്ഷൻ പാനല്‍ സംബന്ധിച്ച ഹർജിയില്‍ സുപ്രീം കോടതി തീരുമാനം വരും വരെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കരുതെന്ന് സർക്കാരിനോട് കോൺഗ്രസ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19 ന് ആണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്.
രാഹുൽ ഗാന്ധി പങ്കെടുത്ത മൂന്നംഗ സെലക്ഷൻ കമ്മിറ്റിയുടെ യോഗത്തിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസിന്‍റെ പ്രസ്‌താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് പാനലിലെ മറ്റ് രണ്ട് അംഗങ്ങള്‍. സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് യോഗം നടന്നത്.
അതേസമയം, കോണ്‍ഗ്രസിന്‍റെ എതിര്‍പ്പിനിടെ സെലക്ഷന്‍ കമ്മിറ്റി അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പേര് പ്രസിഡന്‍റ് ദ്രൗപദി മുർമുവിനോട് ശുപാർശ ചെയ്‌തതായാണ് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിക്കുന്നത്. യോഗത്തിന് പിന്നാലെയാണ് നീക്കം. പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.
യോഗം തുടങ്ങിയപ്പോള്‍ തന്നെ രാഹുല്‍ഗാന്ധി തന്‍റെ വിയോജനക്കുറിപ്പ് പ്രധാനമന്ത്രിക്ക് കൈമാറി. അതേസമയം യോഗത്തിന്‍റെ മിനിറ്റ്‌സില്‍ രാഹുല്‍ ഗാന്ധിയുടെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. യോഗത്തില്‍ തുടരണമെന്നും ഇറങ്ങിപ്പോകരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചതിന്‍റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി എതിര്‍പ്പ് വ്യക്തമാക്കിയ ശേഷം യോഗത്തില്‍ തുടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചീഫ് ജസ്റ്റിസിനെ സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്‌തതിലൂടെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത സംരക്ഷിക്കുകയല്ല, മറിച്ച് സര്‍ക്കാര്‍ നിയന്ത്രണം ഇതില്‍ ഉണ്ടാകുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത് എന്ന് യോഗത്തിന് തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി പറഞ്ഞു. രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തതായി പറഞ്ഞെങ്കിലും യോഗത്തിൽ എന്താണ് സംഭവിച്ചതെന്ന് സിംഗ്വി വെളിപ്പെടുത്തിയില്ല.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കുന്നതിനുള്ള പുതിയ നിയമത്തെ ചോദ്യം ചെയ്യുന്ന കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഫെബ്രുവരി 19 ന് കേസ് വാദം കേൾക്കലിനായി ലിസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും സിംഗ്വി പറഞ്ഞു. അതുവരെ യോഗം മാറ്റിവയ്ക്കണമെന്നും വിധി വന്നതിന് ശേഷം തീരുമാനമെടുക്കണമെന്നും സിംഗ്വി ആവശ്യപ്പെട്ടു.