പാരിസ് : സെൻ നദിയില്‍ പരമ്പരാഗത രീതികളെ തകര്‍ത്തുകൊണ്ട് ഒളിമ്പിക്‌സ് മാമാങ്കത്തിന് തുടക്കം. വര്‍ണശഭളമായ ഉദ്‌ഘാടന ചടങ്ങില്‍ സെൻ നദിയിലൂടെ ആറ് കിലോമീറ്ററോളം ബോട്ടില്‍ സഞ്ചരിച്ചാണ് ഒളിമ്പിക്‌സ് താരങ്ങളെത്തിയത്. ഒളിമ്പിക്‌സിന്‍റെ ചരിത്രത്തിലാദ്യമായാണ് ഉദ്ഘാടന ചടങ്ങ് സ്റ്റേഡിയത്തിന് പുറത്ത് നടക്കുന്നത്.
ഫ്രഞ്ച് മിഡ്‌ഫീൽഡർ സിനദിൻ സിദാൻ ഒളിമ്പിക് ദീപശിഖയും വഹിച്ചുകൊണ്ട് വരുന്ന വീഡിയോയോട് കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സ്‌റ്റേഡ് ഡി ഫ്രാൻസിൽ നിന്ന് സിദാന്‍ ദീപശിഖയും വഹിച്ചു. മെട്രോയിൽ വച്ച് കുട്ടികള്‍ക്ക് ദീപശിഖ കൈമാറി. കുട്ടികൾ സെൻ നദിയിലെത്തുന്നതോടെ വീഡിയോ പ്രദര്‍ശനം തത്സമയ കാഴ്‌ചയിലേക്ക് മാറ്റി.
117 പേരടങ്ങുന്ന ഇന്ത്യൻ സംഘവും ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു. രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയ പി വി സിന്ധുവും അഞ്ച് തവണ ഒളിമ്പ്യനായ ശരത് കമലുമാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. കയ്യില്‍ ത്രിവർണ്ണ പതാകയുമായാണ് ഇന്ത്യൻ സംഘം ഉദ്‌ഘാടന ചടങ്ങില്‍ എത്തിയത്. പാരിസ് ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങിൽ പതാകയേന്താൻ കഴിഞ്ഞത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് എന്നാണ് സിന്ധു നേരത്തെ എക്‌സില്‍ കുറിച്ചിരുന്നു.