കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി 20 ഇലവൺ തെരഞ്ഞെടുത്ത് ഐസിസി. 2024ല്‍ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മയാണ് ടി20 ഇലവന്‍റെ ക്യാപ്‌റ്റന്‍. പേസർമാരായ ജസ്പ്രീത് ബുംറ, അർഷ്‌ദീപ് സിങ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരാണ് ടി20 ഇലവണില്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി ട്രാവിസ് ഹെഡിനെ ഐസിസി തെരഞ്ഞെടുത്തു. മൂന്നാം നമ്പർ ബാറ്റ്‌സ്‌മാനായി ഫിൽ സാൾട്ടിനെയും ഇലവനിൽ ഉൾപ്പെടുത്തി. ടി20 ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 255 റൺസ് നേടിയ ഹെഡ് ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ കളിക്കാരനായി.
ഓസ്‌ട്രേലിയൻ താരമായ ട്രാവിസ് ഹെഡ് 2024 ൽ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിലും (ഐപിഎൽ) വ്യക്തിമുദ്ര പതിപ്പിച്ചു. 2024 ൽ മൂന്ന് ടി20 സെഞ്ച്വറികൾ നേടിയ ഫിൽ സാൾട്ടും ഐസിസി ഇലവനിൽ ഇടം നേടി.
2024 ൽ ടി20കളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നിക്കോളാസ് പുരാനാണ് ഇലവനിൽ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. പുരാന്‍ രണ്ടായിരത്തിലധികം റണ്‍സാണ് അടിച്ചുകൂട്ടിയത്. 23 ഇന്നിങ്സുകളിൽ നിന്ന് 738 റൺസ് നേടിയ പാകിസ്ഥാന്‍ താരം ബാബർ അസമും ഇലവണില്‍ സ്ഥാനം നേടി.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഹാർദിക് പാണ്ഡ്യയ്ക്ക് പുറമേ, സിംബാബ്‌വെയുടെ സിക്കന്ദർ റാസ, അഫ്‌ഗാനിസ്ഥാന്‍റെ റാഷിദ് ഖാൻ എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാരായി തെരഞ്ഞെടുക്കപ്പെട്ടത്. ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ഓൾറൗണ്ടറായിരുന്നു പാണ്ഡ്യ. റാഷിദ് ഖാനൊപ്പം ശ്രീലങ്കയുടെ വാനിന്ദു ഹസരംഗയും ഐസിസി ടി20ഐ ടീമിലെ മറ്റൊരു സ്പിന്നറായി തെരഞ്ഞെടുക്കപ്പെട്ടു.
ഐസിസി ടി20 ഐ ടീം ഓഫ് ദ ഇയർ 2024: രോഹിത് ശർമ്മ (c), ട്രാവിസ് ഹെഡ്, ഫിൽ സാൾട്ട്, ബാബർ അസം, നിക്കോളാസ് പുരാൻ (wk), സിക്കന്ദർ റാസ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, വനിന്ദു ഹസരംഗ, ജസ്പ്രീത് ബുംറ, അർഷ്‌ദീപ് സിംഗ്.
Also Read : നെറ്റ്‌സില്‍ കഠിന പരിശ്രമം, പക്ഷെ...; ഷമിയുടെ തിരിച്ചുവരവ് വൈകും?