ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജ്യസഭാ സീറ്റ് തേടുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ആ വാദങ്ങൾ തള്ളി ആം ആദ്‌മി വക്താവ് പ്രിയങ്ക കക്കർ. 'അരവിന്ദ് കെജ്‌രിവാൾ രാജ്യസഭയിലേക്ക്' എന്ന വാദങ്ങൾ തെറ്റാണെന്ന് അവർ പറഞ്ഞു. അരവിന്ദ് കെജ്‌രിവാൾ പഞ്ചാബിന്‍റെ മുഖ്യമന്ത്രിയാകുമെന്ന് മാധ്യമ വൃത്തങ്ങളാണ് പറഞ്ഞത്. ഇപ്പോൾ, അദ്ദേഹം രാജ്യസഭയിൽ നിന്ന് മത്സരിക്കുമെന്നും അവർ തന്നെയാണ് പറയുന്നതെന്ന് പ്രിയങ്ക കക്കർ അറിയിച്ചു.
ഈ രണ്ട് വാദങ്ങളും തീർത്തും തെറ്റാണ്. അരവിന്ദ് കെജ്‌രിവാൾ എഎപിയുടെ ദേശീയ കൺവീനറാണ്. പാർട്ടിയിൽ അദ്ദേഹത്തിന്‍റെ പ്രാധാന്യം വളരെ ഉയർന്നതാണെന്ന് താൻ സമ്മതിക്കുന്നു, പക്ഷേ അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തം ഒരു സീറ്റിൽ മാത്രം ഒതുങ്ങുന്നില്ല എന്ന് പ്രിയങ്ക കക്കർ വ്യക്തമാക്കി.
ലുധിയാന വെസ്‌റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി രാജ്യസഭാ എംപി സഞ്ജീവ് അറോറയെ സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്‌തതിന് ശേഷമാണ് ഈ അഭ്യൂഹങ്ങൾ ആരംഭിച്ചത്. സഞ്ജീവ് അറോറയുടെ രാജ്യസഭാ സീറ്റ് ആം ആദ്‌മി കൺവീനർക്ക് ലഭിക്കുമെന്ന ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫിസ്, വിധാൻ സഭ എന്നിവയുൾപ്പെടെ എല്ലാ സർക്കാർ ഓഫിസുകളിൽ നിന്നും ഡോ. ബിആർ അംബേദ്‌കറുടെ ചിത്രം നീക്കം ചെയ്‌തതായി ആരോപിച്ച് അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് രാജ്യത്തെ ആദ്യത്തെ നിയമമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്‌തതിലൂടെ ബിജെപി നേതൃത്വത്തിലുള്ള പുതിയ സർക്കാർ അംബേദ്‌കറുടെ ലക്ഷക്കണക്കിന് അനുയായികളെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഡൽഹിയിലെ പുതിയ ബിജെപി സർക്കാർ ബാബാസാഹേബിന്‍റെ ഫോട്ടോ നീക്കം ചെയ്യുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ സ്ഥാപിക്കുകയും ചെയ്‌തു. ഇത് ശരിയല്ല. ഇത് ബാബാസാഹേബിന്‍റെ ദശലക്ഷക്കണക്കിന് അനുയായികളെ വേദനിപ്പിച്ചു' എന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ കുറിച്ചു.
അംബേദ്‌കറുടെ ഫോട്ടോ നീക്കം ചെയ്യരുതെന്ന് ബിജെപിയോട് ആം ആദ്‌മി മേധാവി അഭ്യർഥിച്ചു, 'എനിക്ക് ബിജെപിയോട് ഒരു അഭ്യർഥനയുണ്ട്. നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കാം, പക്ഷേ ബാബാസാഹേബിന്‍റെ ഫോട്ടോ നീക്കം ചെയ്യരുത്. അദ്ദേഹത്തിന്‍റെ ഫോട്ടോ അവിടെ തന്നെ തുടരട്ടെ' എന്ന് കെജ്‌രിവാൾ പറഞ്ഞു.
ഡൽഹി നിയമസഭയ്ക്ക് പുറത്ത് എഎപി ബാബാസാഹേബ് അംബേദ്‌കറുടെ ഫോട്ടോ പ്രദർശിപ്പിച്ച് പ്രതിഷേധം നടത്തി. ചൊവ്വാഴ്‌ച (ഫെബ്രുവരി 25) മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ നേതൃത്വത്തിലുള്ള ഡൽഹിയിലെ ബിജെപി സർക്കാർ ഡൽഹി എക്സൈസ് നയത്തെക്കുറിച്ചുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് അവതരിപ്പിച്ചപ്പോഴാണ് അബേദ്‌കറുടെ ചിത്രം മാറ്റിയത് ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തിൽ കനത്ത മുദ്രാവാക്യങ്ങൾ വിളിച്ച് എംഎൽഎമാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് സ്‌പീക്കർ വിജേന്ദർ ഗുപ്‌ത ഫെബ്രുവരി 28 വരെ 21 എംഎൽഎമാരെ സസ്‌പെൻഡ് ചെയ്‌തു. ഭരണകക്ഷികളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും 12 മുതൽ 14 വരെ അംഗങ്ങൾ ഉൾപ്പെടുന്ന ഒരു പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) ഉടൻ രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.