ചെന്നൈ: ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്കുള്ള പേസര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 2023-ലെ ഏകദിന ലോകകപ്പിന്‍റെ ഫൈനലിലായിരുന്നു താരം അവസാനമായി ഇന്ത്യയ്‌ക്കായി ഇറങ്ങിയത്. ടൂര്‍ണമെന്‍റിനിടെയേറ്റ പരിക്കില്‍ നിന്നും മോചിതനാവുന്നതിനായി ഒരു വര്‍ഷത്തില്‍ ഏറെയാണ് 34-കാരന് പുറത്തിരിക്കേണ്ടി വന്നത്. ഇതിന് ശേഷം ഷമിയെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്ക് തിരികെ വിളിച്ചത്.
നെറ്റ്‌സില്‍ കാര്യമായി പന്തെറിഞ്ഞെങ്കിലും കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ മാനേജ്‌മെന്‍റ് താരത്തെ കളിപ്പിച്ചിരുന്നില്ല. ഇതോടെ രണ്ടാം ടി20യില്‍ ഷമി കളിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നിരാശ നല്‍കുന്നതാണ്.
കഴിഞ്ഞ ദിവസം നെറ്റ്സിൽ ഒരു മണിക്കൂർ നീണ്ടുനിന്ന വൈവിധ്യമാർന്ന പരിശീലനത്തില്‍ മുഹമ്മദ് ഷമി ഏര്‍പ്പെട്ടിരുന്നു. പക്ഷെ, മുൻനിര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് ആവശ്യമായ രീതിയിലേക്ക് ഷമി എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അസിസ്റ്റന്‍റ് കോച്ച് അഭിഷേക് നായരോടൊപ്പം ഒരു ജോഗിങ് സെഷനോടെയാണ് ചെന്നൈയില്‍ ഇന്നലെ താരം പരിശീലനം തുടങ്ങിയത്. തുടർന്ന്, ഫീൽഡിങ് കോച്ച് ടി ദിലീപിനൊപ്പം ത്രോയിങ് പരിശീലനത്തിലേര്‍പ്പെട്ടു. മദ്രാസ് ക്രിക്കറ്റ് ക്ലബ് സ്റ്റാൻഡിന് സമീപമുള്ള നെറ്റ്‌സിലായിരുന്നു താരത്തിന്‍റെ ബോളിങ് പരിശീലനം. ബോളിങ് കോച്ച് മോണി മോര്‍ക്കലിന്‍റെ നേതൃത്വത്തിലായിരുന്നുവിത്. പരിശീലനത്തിന് ഇറങ്ങുമ്പോള്‍ ഷമിയുടെ രണ്ട് കാലുകളിലും കനത്ത ബാൻഡേജ് ഉണ്ടായിരുന്നു.
ഹാഫ് റൺ-അപ്പിലാണ് ആദ്യം പന്തെറിഞ്ഞത്. തുടര്‍ന്ന് പൂർണ്ണ റൺ-അപ്പില്‍ പന്തെറിഞ്ഞു. പക്ഷേ താരത്തിന്‍റെ അപ്രോച്ചും റിലീസും അത്ര മികച്ചതായിരുന്നില്ല. തുടർന്ന് ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം മോർക്കലുമായും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായും സംസാരിച്ചു. ഇതിന് ശേഷം താരത്തിന്‍റെ താളവും ബോളിങ് മൂർച്ചയും ക്രമേണ മെച്ചപ്പെട്ടുവെങ്കിലും ക്ഷീണിതനായി കാണപ്പെട്ടു.
ആഭ്യന്തര തലത്തില്‍ രഞ്ജി ട്രോഫി, സയ്യിദ് മുഷ്‌താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിൽ ഷമി കളിച്ചിരുന്നു. എന്നാല്‍ തന്‍റെ പൂര്‍ണ മികവിലേക്ക് എത്താന്‍ ഷമിക്ക് ഇതേവരെ കഴിഞ്ഞിട്ടില്ലെന്നാണ് മാനേജ്‌മെന്‍റിന്‍റെ നിലവിലെ വിലയിരുത്തല്‍. നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിന്‍റെയും ഭാഗമാണ് ഷമി. ഇക്കാരണത്താല്‍ തന്നെ അന്താരാഷ്‌ട്ര മത്സരങ്ങളിലേക്കുള്ള ഷമിയുടെ തിരിച്ചുവരവ് കൂടുതൽ വൈകിയേക്കാമെന്നുമാണ് റിപ്പോര്‍ട്ട്.