എറണാകുളം: കോതമംഗലത്ത് ഭൂമിക്കടിയിൽ നിർമ്മിച്ച ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പള്ളികളിലൊന്നായ അൽ മുബശിരീൻ മസ്‌ജിദ് കാഴ്‌ചക്കാരിൽ കൗതുകവും ആശ്ചര്യവും സൃഷ്‌ടിക്കുകയാണ്. അതേസമയം മതസൗഹാർദ്ദത്തിന്‍റെ കേന്ദ്രം കൂടിയായി ഈ പള്ളിയെ മാറ്റുകയാണ് പള്ളി പരിപാലന കമ്മിറ്റി. കോതമംഗലം പാച്ചേറ്റി എന്ന പ്രദേശത്ത് സൂഫി സെന്‍ററിൽ പ്രവർത്തിക്കുന്ന എംഎജിഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്‍റ് യൂനുസ് ഷാ ഖാദിരിയുടെ നേതൃത്വത്തിലാണ് പള്ളി പണിതത്.
അദ്ദേഹത്തിന്‍റെ പതിനാല് അനുയായികൾ 60 ദിവസം കൊണ്ടാണ് പള്ളി നിർമ്മിച്ചത്. ഭൂമിക്കടിയിൽ 80 ചതുരശ്ര മീറ്റർ മാത്രമാണ് പള്ളിയുടെ വിസ്‌തൃതി. 65 മീറ്ററോളം ഭൂമിക്കടിയിൽ തുരന്നാണ് കുഞ്ഞൻ പള്ളിയും അനുബന്ധ നിർമ്മിതികളും നടത്തിയത്. പള്ളിയില്‍ ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്ക് അവരവരുടെ വിശ്വാസം അനുസരിച്ചുള്ള ആരാധന നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ധ്യാന പീഠങ്ങളും രണ്ട് മുറികളും പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുണ്ട്.
പള്ളിയുടെ മുൻവശത്തെ വാതിൽ തുറന്നാൽ താഴേക്കുള്ള പടികളാണ് ആദ്യം കാണുന്നത്. ഇതുവഴി ഭൂമിക്കടിയിലൂടെ മുമ്പോട്ട് നടന്നാൽ പടിയുടെ അവസാനം ഇടത്തോട്ടും വലത്തോട്ടും തുരങ്കങ്ങൾ കാണാം. ഇവിടെയാണ് ധ്യാന പീഠങ്ങളും രണ്ട് ചെറിയ മുറികളും ഉള്ളത്. ഉറപ്പുള്ള മട്ടിപ്പാറകൾ തുരന്നാണ് തുരങ്ക നിർമ്മാണം നടത്തിയിരിക്കുന്നത്. അതിനാൽ ഇത്തരമൊരു നിർമ്മിതി സുരക്ഷിതമാണെന്നാണ് പള്ളിയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
ഇടത് വശത്തുള്ള തുരങ്കത്തിലൂടെ സഞ്ചരിച്ചാൽ അവസാനം എത്തി നിൽക്കുന്നത് ആരിലും കൗതുകമുണർത്തുന്ന ഭൂമിക്കടിയിലെ ഏറ്റവും ചെറിയ പള്ളിയിലാണ്. പള്ളിയും അനുബന്ധ നിർമാണങ്ങളും കാഴ്‌ചക്കാർക്ക് നല്ലൊരു ദൃശ്യാനുഭവമാണ്. ഒരേ സമയം ആകാംഷയും ഉത്കണ്‌ഠയും സൃഷ്‌ടിക്കുന്ന ഈ മനോഹര നിർമ്മിതി കാണാൻ നിരവധിപ്പേരാണ് എത്തുന്നത്.
എല്ലാ മതങ്ങളും തമ്മിലുള്ള സ്‌പർദ്ദ ഒഴിവാക്കി ഒരു കുടക്കീഴിൽ നിന്ന് പ്രാർഥിച്ചാൽ ആ പ്രാർഥന ദൈവം കേൾക്കും എന്ന വിശ്വാസമാണ് ഇതുപോലെ ഒരു മസ്‌ജിദും സംവിധാനങ്ങളും ഇവിടെ ഒരുക്കാൻ കാരണമെന്ന് സൊസൈറ്റിയുടെ പ്രസിഡന്‍റും സൂഫി ആത്മീയ ഗുരുവുമായ യൂനുസ് ഷാ ഖാദിരി ചിഷ്‌തി പറഞ്ഞു.