പ്രതാപ്‌ഗഡ്: മഹാകുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന നാല് പേർ കാറപകടത്തില്‍ മരിച്ചു. ഇന്ന് (ബുധനാഴ്‌ച) പുലർച്ചെ പ്രതാപ്‌ഗഡ് ജില്ലയിലെ രാജ്‌ഗഡ് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. പ്രയാഗ്‌രാജ് - അയോധ്യ ദേശീയപാതയിൽ ആയിരുന്നു അപകടം. സമീപത്തെ വീട്ടിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു.
ബിഹാറിലെ മഡോറ നിവാസിയായ രാജു സിങ് (25), ബിഹാറിലെ ചപ്ര നിവാസിയായ അഭിഷേക് കുമാർ (24), ജാർഖണ്ഡിലെ റായ്‌പൂർ നിവാസിയായ സൗരഭ് (26), കാർ ഡ്രൈവർ അഭിഷേക് ഓജ (30) എന്നിവരാണ് മരിച്ചത്.
വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രയാഗ്‌രാജ് മഹാകുംഭത്തിൽ കുളിച്ച ശേഷം അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ പോവുകയായിരുന്നു സംഘം. കാറിന്‍റെ അമിത വേഗതയും ഡ്രൈവർ ഉറങ്ങിപ്പോയതുമാകാം അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അമിത വേഗതയിൽ സഞ്ചരിച്ച കാർ റോഡിൽ നിന്ന് തെന്നിമാറി അടുത്തുള്ള വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. നിലവിളി കേട്ട് സമീപത്ത് നിന്ന് ആളുകളെത്തിയെങ്കിലും കാറില്‍ കുടുങ്ങിയവരെ പുറത്തെടുക്കാൻ ആയില്ല. വീടിന്‍റെ മതിലിലിടിച്ച് കാര്‍ തകര്‍ന്ന നിലയിലായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് നാല് പേർ മരിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.