ക്വാലാലംപൂർ: അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായി ഇന്ത്യയുടെ ഗോംഗഡി തൃഷ ചരിത്രമെഴുതി. ബേയുമാസ് ഓവലിൽ സ്‌കോട്ട്‌ലൻഡിനെതിരായ ഇന്ത്യയുടെ സൂപ്പർ സിക്‌സ് സ്‌റ്റേജ് മത്സരത്തിലാണ് തൃഷ നേട്ടം കൈവരിച്ചത്. 53 പന്തിലാണ് താരം സെഞ്ചുറി സ്വന്തമാക്കിയത്. കഴിഞ്ഞ പതിപ്പിൽ അയർലൻഡിനെതിരെ ഇംഗ്ലണ്ട് ബാറ്റർ ഗ്രേസ് സ്‌ക്രീവൻസിന്‍റെ 93 റൺസാണ് തൃഷ മറികടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്കോട്‌ലന്‍ഡിനെതിരായ ജയത്തോടെ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ തുടർച്ചയായ നാലാം ജയമാണിത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ സ്കോട്ട്‌ലന്‍ഡ് 14 ഓവറില്‍ 58 റണ്‍സിൽ എല്ലാവരും പുറത്തായി. തൃഷ 59 പന്തിൽ 13 ഫോറും നാല് സിക്‌സറും സഹിതം 110 റൺസുമായി പുറത്താകാതെ നിന്നു.
താരത്തിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ പിൻബലത്തിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 208 എന്ന കൂറ്റൻ സ്‌കോർ നേടി. 42 പന്തിൽ ഒമ്പത് ബൗണ്ടറികളോടെ 51 റൺസെടുത്ത ജി കമാലിനിക്കൊപ്പം ഓപ്പണിംഗ് വിക്കറ്റിൽ തൃഷ 147 റൺസിന്‍റെ കൂട്ടുകെട്ടും പടുത്തുയർത്തി. ഇന്ത്യക്കായി ആയുഷി ശുക്ല മൂന്നോവറില്‍ നാല് വിക്കറ്റെടുത്തപ്പോള്‍ വൈഷ്ണവി ശര്‍മ അഞ്ച് റണ്‍സിനും തൃഷ ആറ് റണ്‍സിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ക്വാലാലംപൂരിൽ നടന്ന അണ്ടർ 19 വനിതാ ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു തൃഷ. അഞ്ച് മത്സരങ്ങളിൽ നിന്ന് 53 ശരാശരിയിലും 120.45 സ്‌ട്രൈക്ക് റേറ്റിലും തൃഷ 159 റൺസ് നേടി. നിലവിലെ വനിതാ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും തൃഷയാണ്.
2023-ൽ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു തൃഷ. വിമൻസ് പ്രീമിയർ ലീഗ് 2025 ലേലത്തിൽ തൃഷ തന്‍റെ പേര് രജിസ്റ്റർ ചെയ്തിരുന്നു. അടിസ്ഥാന വില 10 ലക്ഷം രൂപയായിരുന്നു. എന്നാൽ ഒരു ടീമും താരത്തെ ലേലം വിളിച്ചില്ല.