കേരളം

kerala

ETV Bharat / sports

ഒമ്പതാംക്ലാസുകാരി ധിനിധി ഇന്ത്യന്‍ ഒളിമ്പിക്‌സ് ടീമിലെ 'ബേബി' - Swimmer Dhinidhi Desinghu

പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഈ 14കാരി. മത്സരം വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍.

By ETV Bharat Kerala Team

Published : Jul 5, 2024, 3:49 PM IST

Updated : Jul 5, 2024, 4:39 PM IST

Dhinidhi Desinghu  Paris Olympics  കേരളത്തിന്‍റെ ധിനിധി ദേസിങ്കു  കോഴിക്കോട് പുതിയങ്ങാടി സ്വദേശി
ധിനിധി ദേസിങ്കു (Youtube/@narendramodi)

യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കുന്ന ധിനിധി (Youtube/@narendramodi)

കോഴിക്കോട്: മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ഇനങ്ങളിലായി മ‍ത്സരിക്കാന്‍ പാരിസിലേക്കു തിരിക്കുന്ന അത്ലറ്റുകളില്‍ മുപ്പതോളം പേര്‍ നേരിട്ട് പ്രധാനമന്ത്രിയുമായി സംവദിക്കുകയാണ്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് പിടി ഉഷ എംപിയും കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യയും വേദിയില്‍.

ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നവരുടെ പ്രതികരണം അറിയാന്‍ താല്‍പ്പര്യമുണ്ടെന്ന് പ്രധാനമന്ത്രി. ഏതാനും പേര്‍ പ്രതികരിക്കുന്നു. സംഘത്തിലെ പതിനെട്ടു വയസില്‍ താഴെയുള്ളവരുടെ വിശേഷം അറിയണമെന്നായി പ്രധാനമന്ത്രി. പെട്ടെന്ന് മുന്‍ നിരയില്‍ നിന്ന് ഒരു കൊച്ചു കുട്ടി എഴുന്നേറ്റു.

'ഞാന്‍ ധിനിധി ദേസിങ്കു. എനിക്ക് പതിനാല് വയസാണ്. ഞാന്‍ കേരളത്തില്‍ നിന്നാണെങ്കിലും സാധാരണ മത്സരിക്കാറുള്ളത് കര്‍ണാടകയ്ക്കു വേണ്ടിയാണ്. ഇത്തവണ ഞാന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുകയാണ്. ഇതെന്‍റെ കായിക ജീവിതത്തിന്‍റെ തുടക്കം മാത്രമാണ്. ഇത്രയും പ്രഗത്ഭരായ താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ രാജ്യത്തിന്‍റെ അഭിമാനം കാക്കും' -അവള്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം അവള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. കൂട്ടത്തിലുണ്ടായിരുന്ന പിആര്‍ ശ്രീജേഷും ദീപിക കുമാരിയുമടക്കമുള്ള മുതിര്‍ന്ന കായികതാരങ്ങള്‍ തങ്ങളുടെ കൂട്ടത്തിലെ കൊച്ചുതാരത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഫോട്ടോസെഷനില്‍ പിടി ഉഷ അവളെ മുന്‍ നിരയിലേക്ക് വിളിച്ചു വരുത്തി അടുത്ത് നിര്‍ത്തി.

ഒമ്പതാം ക്ലാസുകാരിയായ ഇന്ത്യന്‍ ഒളിമ്പിക് ടീമിലെ ഈ മിടുക്കിക്ക് തന്‍റെ ബാല്യത്തില്‍ നഷ്‌ടമായ പലതുമുണ്ട്. സമപ്രായക്കാരായ കുട്ടികള്‍ അനുഭവിക്കുന്ന പല സന്തോഷങ്ങളും അനുഭവിക്കാന്‍ കോഴിക്കോട്ടുകാരിയായ ഈ പതിനാലുകാരിക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല. അവര്‍ ആടിയും പാടിയും ഒക്കെ തങ്ങളുടെ ജീവിതം ഉല്ലാസഭരിതമാക്കുമ്പോള്‍ ധിനിധി ദേസിങ്കു തന്‍റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനുള്ള കഠിന പരിശ്രമത്തിലായിരുന്നു.

ഇവള്‍ വേണ്ടെന്ന് വച്ച ആ സന്തോഷങ്ങളെല്ലാം ഇതാ ഇപ്പോള്‍ ആയിരമിരട്ടിയായി അവളിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. പാരിസ് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയിരിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് നീന്തലില്‍ മത്സരിക്കാനുള്ള അവസരമാണ് ഇവള്‍ക്ക് കിട്ടിയിരിക്കുന്നത്. ഈ മാസം അവസാനം നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഈ മലയാളി പെണ്‍കുട്ടിക്ക് ഉണ്ട്.

കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജെസിത വിജയന്‍റെയും തമിഴ്‌നാട് സ്വദേശി ദേസിങ്കുവിന്‍റെയും മകളാണ് ധിനിധി. ഒന്‍പതാം ക്ലാസുകാരിയായ ധിനിധി ബെംഗളൂരുവിലെ മുഷിപ്പിക്കുന്ന ഫ്ലാറ്റ് ജീവിതത്തിന്‍റെ ബോറടിയില്‍ നിന്ന് രക്ഷപ്പെടാനാണ് നീന്തല്‍ക്കുളത്തിലിറങ്ങിയത്. പിന്നീട് ഒളിമ്പിക്‌സ് സ്വപ്‌നം കൂടെക്കൂടി. താന്‍ തന്നെ തെരഞ്ഞെടുത്ത വഴിയാണിത്. തനിക്ക് ഇതിനായി പല ത്യാഗങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും ധിനിധി പറയുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെല്ലാം ഫലമുണ്ടായിരിക്കുന്നുവെന്നും അവള്‍ കൂട്ടിചേര്‍ത്തു.

പലപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ എ, ബി യോഗ്യത നിര്‍ണയത്തില്‍ പുറത്താകുകയാണ് പതിവ്. എന്നാല്‍ ധിനിധി പുറത്താകാതെ തുടര്‍ന്നു. ദേശീയ ഗെയിംസിലും സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകളിലും ഇവള്‍ മെഡലുകള്‍ വാരിക്കൂട്ടി. ഈ സീസണിലെ അവളുടെ മികച്ച പ്രകടനങ്ങളിലൂടെ സ്വിമ്മിങ് ഫെഡറേഷന്‍റെ ഏറ്റവും മികച്ച വനിത നീന്തല്‍താരമെന്ന ബഹുമതിയും ഇവള്‍ സ്വന്തമാക്കി.

ഈ ചെറു പ്രായത്തില്‍ തന്നെ തനിക്ക് ഒളിമ്പിക്‌സ് യോഗ്യത നേടാനാകുമെന്ന് കരുതിയില്ലെന്നും ധിനിധി പറയുന്നു. താന്‍ വല്ലാതെ അമ്പരപ്പിലാണ്. വലിയ താരങ്ങളെയൊക്കെ നേരില്‍ കാണാനാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം. വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആണ് ധിനിധി പങ്കെടുക്കുന്നത്.

ഇതൊരു തുടക്കം മാത്രമാണെന്നും തനിക്ക് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും ധിനിധി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 2028ലും 2032ലും തനിക്ക് പങ്കെടുക്കണം. ഒളിമ്പിക് വില്ലേജില്‍ താമസിക്കണം. രാജ്യാന്തരതലത്തില്‍ കിട്ടുന്ന അനുഭവങ്ങള്‍ തികച്ചും വ്യത്യസ്‌തമാണ്. അവയൊക്കെ അനുഭവിച്ചറിയണം. ലോകോത്തര താരങ്ങളുടെ തയാറെടുപ്പുകളും കായികമേഖലയോടുള്ള അവരുടെ പ്രതിജ്ഞാബദ്ധതയും നേരില്‍ കണ്ടറിയണമെന്നും ധിനിധി പറയുന്നു.

തന്‍റെ പ്രകടനത്തെക്കുറിച്ച് മാത്രമല്ല ഇപ്പോള്‍ ധിനിധിയുടെ ചിന്ത. അവിടെ നിന്ന് കിട്ടുന്ന അനുഭവങ്ങള്‍ തന്നിലെ താരത്തെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് അവൾ കരുതുന്നു. തന്‍റെ ആരാധനാമൂര്‍ത്തിയായ, ഏഴ് വട്ടം ഒളിമ്പിക് സ്വര്‍ണമെഡല്‍ നേടിയ നീന്തല്‍താരം കാറ്റി ലെഡെകിയെ കാണാമെന്ന സന്തോഷവും ധിനിധി പങ്കുവയ്ക്കുന്നു. ധിനിധി വളരെ ചെറുപ്പത്തില്‍ തന്നെ അവരുടെ ആരാധികയായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം അവര്‍ക്ക് വേണ്ടിയൊരു ആശംസ കാര്‍ഡ് തയാറാക്കിയിരുന്നു. എങ്ങനെ അവരെയൊന്ന് കാണാനാകുമെന്ന് ധിനിധി ചിന്തിച്ചിരുന്നു. ഏതായാലും ഒളിമ്പിക്‌സിനെത്തുമ്പോള്‍ അവരെ കാണാനും ആ കാര്‍ഡ് സമ്മാനിക്കാനും കഴിയുമെന്ന സന്തോഷത്തിലാണ് ധിനിധി.

Also Read:പാരിസ് ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ് ടീമിൽ 5 മലയാളികളും; താരങ്ങള്‍ ഇവരൊക്കെ.

Last Updated : Jul 5, 2024, 4:39 PM IST

ABOUT THE AUTHOR

...view details