ഡര്‍ബന്‍: പാകിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിജയത്തുടക്കം. 11 റണ്‍സിന്‍റെ ജയവുമായി പ്രോട്ടീസ് പരമ്പരയിൽ 1-0ന് മുന്നിലെത്തി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 183 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന് 20 ഓവറില്‍ 172 റൺസെടുക്കാനെ കഴിഞ്ഞിള്ളു.
62 പന്തില്‍ 74 റണ്‍സടിച്ച ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ ടോപ് സ്കോററായി. സൂപ്പർ താരം ബാബർ അസം സംപൂജ്യനായി. പാകിസ്ഥാന്‍റെ 7 താരങ്ങൾക്ക് രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. 31 റൺസെടുത്ത സയിം അയൂബ്, 18 റൺസെടുത്ത തയ്യബ് താഹിർ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുതാരങ്ങള്‍. ഷഹീൻ അഫ്രീദിയും ഉസ്മാൻ ഖാനും 9 റൺസെടുത്തു. ഇർഫാൻ ഖാൻ (1), അബ്ബാസ് അഫ്രീദി( 0) പൂജ്യത്തിൽ പവലിയനിലേക്ക് മടങ്ങി.
184 റൺസ് വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്ക ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 28 റൺസ് എടുക്കുന്നതിനിടെ പാകിസ്ഥാൻ ബൗളർമാർ മൂന്ന് വിക്കറ്റ് തുടക്കത്തിലേ വീഴ്ത്തി ആതിഥേയ ടീമിന് പ്രശ്നങ്ങൾ സൃഷ്ടിച്ചു. യഥാക്രമം 8, 8 റൺസെടുത്ത റെസ ഹെൻഡ്രിക്‌സും മാത്യു ബ്രാറ്റ്‌സ്‌കിയും പവലിയനിലേക്ക് മടങ്ങിയപ്പോൾ റാസി വാൻഡർഡൂസൻ പൂജ്യത്തിന് പുറത്തായി.
പിന്നാലെ ഡേവിഡ് മില്ലർ ഹെൻറിച്ച് ക്ലാസനൊപ്പം 43 റൺസും ഡൊനോവൻ ഫെരേരയ്‌ക്കൊപ്പം 33 റൺസും ജോർജ് ലിൻഡെയ്‌ക്കൊപ്പം 31 റൺസും ചേർന്ന് ടീമിനെ വലിയ സ്കോറിലേക്ക് നയിച്ചു. 40 പന്തിൽ 8 സിക്സും 4 ബൗണ്ടറിയും ഉൾപ്പെടെ 82 റൺസെടുത്ത മില്ലർ പുറത്തായി. കലാസെൻ 12 റൺസും ഫെരേര 7 റൺസും നേടിയ ശേഷം പവലിയനിലേക്ക് മടങ്ങി. എന്നാൽ 24 പന്തിൽ 48 റൺസ് നേടിയ ജോർജ് ലിൻഡെ മികച്ച ഇന്നിങ്‌സ് കളിച്ച് ടീമിന്‍റെ സ്‌കോർ 183ൽ എത്തിച്ചു. പാകിസ്ഥാനു വേണ്ടി ഷഹീൻ അഫ്രീദിയും അബ്രാർ അഹമ്മദും 3 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അബ്ബാസ് അഫ്രീദി രണ്ടും സുഫിയാൻ മുഖിം ഒരു വിക്കറ്റും വീഴ്ത്തി.
റിസ്‌വാൻ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത കുറഞ്ഞ അർധസെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്ററായി. 52 പന്തിലാണ് താരം അർധസെഞ്ചുറി തികച്ചത്. 56 പന്തിൽ അർധസെഞ്ചുറി നേടിയ കെ എൽ രാഹുലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഇതുകൂടാതെ ടി20 ക്രിക്കറ്റിൽ 8000 റൺസ് തികച്ച റിസ്വാൻ മറ്റൊരു റെക്കോർഡും തന്‍റെ പേരിൽ കുറിച്ചു.
തന്‍റെ 244-ാം ഇന്നിങ്സിലാണ് റിസ്വാൻ നേട്ടം കൈവരിച്ചത്. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് തികയ്ക്കുന്ന നാലാമത്തെ ബാറ്ററായി. ക്രിസ് ഗെയ്ൽ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 213 മത്സരങ്ങളിൽ നിന്നാണ് 8000 റൺസ് തികച്ചത്.