മിര്‍പൂര്‍:ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം. മിര്‍പൂരില്‍ ആതിഥേയരായ ബംഗ്ലാദേശ് ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം നാലാം ദിനത്തിന്‍റെ ആദ്യ സെഷനിലാണ് പ്രോട്ടീസ് മറികടന്നത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്‍റ് ഫൈനല്‍ സ്വപ്‌നം കാണുന്ന ഇന്ത്യയുടെ പ്രതീക്ഷകളെയും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
38.89% ആയിരുന്നു മിര്‍പൂര്‍ ടെസ്റ്റിന് മുന്‍പ് ദക്ഷിണാഫ്രിക്കയുടെ പോയിന്‍റ് ശതമാനം. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിലെ ജയത്തോടെ ഇത് 47.62% ആയി ഉയര്‍ന്നു. ഇതോടെ, ന്യൂസിലൻഡ് (44.44%), ഇംഗ്ലണ്ട് (43.06%) ടീമുകളെ പിന്നിലാക്കിയാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തിയത്.
പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും സമ്മര്‍ദം ഉയര്‍ത്തുന്നത് കൂടിയാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 68.06% പോയിന്‍റ് ശതമാനമാണ് ഒന്നാം സ്ഥാനക്കാരായ ഇന്ത്യയ്‌ക്ക് നിലവിലുള്ളത്. മറ്റ് മത്സരഫലങ്ങള്‍ ആശ്രയിക്കാതെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കണമെങ്കില്‍ ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ നിന്നും കുറഞ്ഞത് നാല് ജയവും ഒരു സമനിലയുമാണ് ഇന്ത്യയ്‌ക്ക് ആവശ്യം.